• Thu. Dec 11th, 2025

24×7 Live News

Apdin News

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന അപ്പാച്ചെ; യുദ്ധംപൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ അപാചെ തീപടര്‍ത്തും

Byadmin

Dec 11, 2025



ന്യൂദല്‍ഹി: പാകിസ്ഥാന്റെ കരയിലൂടെയുള്ള ആക്രമണത്തില്‍ മുന്‍നിരയില്‍ ഉണ്ടാകുന്ന ടാങ്കുകളെ തകര്‍ക്കുന്ന മിസൈലുകള്‍ പായിക്കാന്‍ കഴിവുള്ള അപ്പാച്ചെ എഎച്ച് -64 ഇ ഇന്ത്യയുടെ യുദ്ധമൂര്‍ച്ച കൂട്ടും. 2020ല്‍ യുഎസിന് നല‍്കിയ ആറ് അപ്പാചെ യുദ്ധഹെലികോപ്റ്ററുകളുടെ ഓര്‍ഡറില്‍ മൂന്നെണ്ണമേ ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. അവശേഷിക്കുന്ന മൂന്ന് അപ്പാച്ചെകള്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മു‍ന്‍പ് എത്തിച്ചേരും.

പറക്കും ടാങ്ക് എന്ന് അറിയപ്പെടുന്ന യുദ്ധഹെലികോപ്റ്ററാണ് അമേരിക്കയുടെ എഎച്ച്-64ഇ. ഇതില്‍ ഘടപ്പിച്ചിട്ടുള്ള ഹെല്‍ഫയര്‍, എജിഎം-114 റോമിയോ എന്നീ മിസൈലുകള്‍ക്ക് പാഞ്ഞുചെന്ന് പാകിസ്ഥാന്റെ ടാങ്കുകളെ തകര്‍ക്കാന്‍ സാധിക്കും. അതായത് പാക് കരയുദ്ധത്തിന്റെ മുന്‍നിരയെ ഞൊടിയിടയില്‍ ഇല്ലാതാക്കന്‍ കഴിയൂം. അപ്പാച്ചെയുടെ പവര്‍ തുര്‍ക്കിക്ക് നല്ലതുപോലെ അറിയാം. അതുകൊണ്ടാണ് ഈ അപ്പാച്ചെ കൊണ്ടുവരാന്‍ അമേരിക്കയ്‌ക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചത്. ഇന്ത്യയ്‌ക്ക് നല്‍കാനുള്ള ബാക്കി മൂന്ന് അപ്പാച്ചെകളും കൊണ്ട് അമേരിക്കയുടെ കാര്‍ഗോ വിമാനം യാത്ര പുറപ്പെട്ടെങ്കിലും പൊടുന്നനെ തുര്‍ക്കി അവരുടെ വ്യോമപാത നിഷേധിക്കുകയായിരുന്നു.

ഇന്ത്യയുമായി മുഷിച്ചില്‍ ഉള്ളതിനാല്‍ ഇന്ത്യയ്‌ക്കുള്ള യുദ്ധ ഹെലികോപ്റ്റര്‍ തുര്‍ക്കിയിലൂടെ കൊണ്ടുപോകേണ്ട എന്ന് വിധിക്കുകയായിരുന്നു തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍. ഇതോടെ ഈ മൂന്ന് അപ്പാച്ചെയുമായി കാര്‍ഗോ വിമാനം യുഎസിലേക്ക് മടങ്ങിപ്പോയി. ഇനി മറ്റൊരു റൂട്ട് തീരുമാനിച്ച് ഈ ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പേ ഇന്ത്യയില്‍ ഇത് എത്തിക്കാനാണ് അമേരിക്കയുടെ പദ്ധതി.

ഇവ ആറും കിട്ടിക്കഴിഞ്ഞാല്‍ ഈ യുദ്ധഹെലികോപ്റ്ററുകളെയെല്ലാം ജോധ്പൂരില്‍ വിന്യസിക്കാനാണ് പദ്ധതി. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഈ അപ്പാച്ചെകള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിത്തിയിലാക്ക് വിന്യസിക്കുക. അപ്പാച്ചെ ഗാര്‍ഡിയന്‍ (അപ്പാച്ചെ രക്ഷകന്‍) എന്ന് കൂടി വിളിക്കപ്പെടുന്ന എഎച്ച് -64ഇ ആകാശയുദ്ധത്തില്‍ ആധുനികമായ ഒരു യുദ്ധഹെലികോപ്റ്ററാണ്. യുദ്ധക്കരുത്തിനെ ആധുനികമാക്കാനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമത്തില്‍ വലിയൊരു നാഴികക്കല്ലായി മാറും അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ഈ വരവ്.

ബുള്ളറ്റുകള്‍ക്ക് മുറിപ്പെടുത്താന്‍ സാധിക്കാത്ത അപ്പാച്ചെ
ചെറിയ വെടിയുണ്ടകള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും അപ്പാച്ചെയെ വീഴ്‌ത്താന്‍ കഴിയില്ല. വെടികൊണ്ടാലും പ്രശ്നമില്ലാതെ പറക്കാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുണ്ടാക്കുന്ന ബോറോണ്‍ കാര്‍ബൈഡ് വസ്തുകൊണ്ടാണ് അപ്പാച്ചെയുടെ ബോഡി എന്നതിനാല്‍ ബുള്ളറ്റുകള്‍ക്ക് തുളയ്‌ക്കാന്‍ പാടാണ്. കൃത്യതയോടെ ശത്രുപാളയത്തില്‍ പതിക്കുന്നതിന് വഴികാട്ടുന്ന സംവിധാനങ്ങളോടുകൂടിയ ആകാശത്ത് നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍ വഹിക്കാനും അപ്പാച്ചെയ്‌ക്ക് സാധിയ്‌ക്കും.
സാഹചര്യം മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങളുള്ളതിനാല്‍ പൈലറ്റിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോംഗ് ബോ റഡാര്‍ സംവിധാനങ്ങളും ശത്രുപക്ഷത്തെ നീക്കങ്ങള്‍ പൈലറ്റിനെ അപ്പപ്പോള്‍ അറിയിക്കും.

ഡ്രോണുകളുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അപ്പാച്ചെ
ആളില്ലാതെ പറക്കുന്ന ആകാശ വാഹനങ്ങളായ ഡ്രോണുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുനുള്ള കഴിവും ആധുനികയുദ്ധതന്ത്രം മെനയുന്നതില്‍ അപ്പാച്ചെയെ വിലമതിക്കാനാകാത്ത ആയുധമാക്കി മാറ്റുന്നു. അതിനാല്‍ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കരുത്തേകാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. വാര്‍ത്താവിനിമയത്തിനുള്ള അപ്പാച്ചെയുടെ കഴിവ് ആരെയും അതിശയിപ്പിക്കും. ഭൂമിയില്‍ നിലകൊള്ളുന്ന കരസൈനികരുമായും മറ്റ് യുദ്ധകേന്ദ്രങ്ങളുമായി ഇടമുറിയാതെ വിവരങ്ങള്‍ കൈമാറാന്‍ അപ്പാച്ചെയ്‌ക്ക് കഴിയുമെന്നത് എല്ലാവരേയും സംയോജിപ്പിച്ച് ശത്രുവിനെതിരെ മുന്നേറ്റം നടത്താന്‍ സഹായകരമാകും.

1200 റൗണ്ട് വെടിയുതിര്‍ക്കുന്ന ചെയിന്‍ ഗണ്‍, ഹെല്‍ഫയര്‍ മിസൈലുകള്‍
അപ്പാച്ചെയില്‍ മൂന്ന്തരം ആയുധങ്ങള്‍ ഘടിപ്പിക്കാം. 30എംഎം എം230 ചെയിന്‍ ഗണ്‍, 70 എംഎം റോക്കറ്റുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ. ചെയിന്‍ ഗണ്ണിന് 1200 റൗണ്ട് വെടിവെയ്‌ക്കാന്‍ സാധിക്കും. വേഗതയാണ് അപ്പാച്ചെ യുദ്ധയുദ്ധഹെലികോപ്റ്ററുകളുടെ മറ്റൊരു ആകര്‍ഷകത്വം. മണിക്കൂറില്‍ 248 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ ശത്രുആയുധങ്ങളെ വെട്ടിച്ചുപറക്കാനും പൊടുന്നനെ കുതിച്ചുചെന്ന് ശത്രുലക്ഷ്യങ്ങളെ ചാമ്പലാക്കാനും അപ്പാച്ചെയ്‌ക്ക് സാധിക്കും.

ആറ് അപ്പാച്ചെകള്‍ വാങ്ങാന്‍  5150 കോടി

ശത്രുവിന് നേരെ ശക്തമായി വെടിയുതിര്‍ക്കുന്നതിലും ശത്രുവില്‍ നിന്നുള്ള ആക്രമണത്തെ അതിജീവിക്കുന്നതിലും സംയോജിത ശൃംഖലാ ആക്രമണദൗത്യങ്ങളിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന യുദ്ധവിമാനമാണ് അപ്പാച്ചെ ഗാര്‍ഡിയന്‍. ആധുനിക സെന്‍സറുകള്‍, സോഫ്റ്റ് വെയറുകള്‍, ആധുനിക ആയുധസംവിധാനം എന്നിവ ഒരു ബഹുതല ആക്രമണത്തിന് പറ്റിയ യുദ്ധവിമാനമാക്കി അപ്പാച്ചെ ഗാര്‍ഡിയനെ മാറ്റുന്നു.

 

By admin