• Sat. May 10th, 2025

24×7 Live News

Apdin News

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ കൂടുതല്‍ നാണം കെട്ടത് അമേരിക്ക

Byadmin

May 9, 2025


ന്യൂദല്‍ഹി: പാകിസ്ഥാന്റെ ആയുധക്കലവറയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ എഫ് 16 ഇന്ത്യ അടിച്ചുതാഴെയിട്ടു എന്നത് പാകിസ്ഥാന് മാത്രമല്ല, അമേരിക്കയ്‌ക്കും നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാശ്ചാത്യമാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ എന്നിവ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ വിമാനത്തെ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി എന്ന നുണ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പാശ്ചാത്യ രാജ്യങ്ങളെയാകെ നാണംകെടുത്തി ഇന്ത്യ അമേരിക്കന്‍ നിര്‍മ്മിതമായ ആധുനിക യുദ്ധവിമാനമായ എഫ് 16നെ വെടിവെച്ചിട്ടു എന്ന വാര്‍ത്ത എത്തിയത്.

പാകിസ്താന്റെ ഫൈറ്റിംഗ് ഫാല്‍ക്കന്‍ (യുദ്ധക്കഴുകന്‍) എന്നാണ് എഫ് 16 അറിയപ്പെടുന്നത്. ഒരു എഫ് 16 പാകിസ്ഥാന്‍ വാങ്ങുന്നത് ഏകദേശം 500 കോടി രൂപയ്‌ക്കാണ്. ഇതിനെ വെടിവെച്ചിടുക എന്നത് അമേരിക്കയ്‌ക്ക് നാണക്കേടാണ്. കാരണം അമേരിക്കയുടെ ആയുധശേഖരത്തിലെയും കുന്തമുന എഫ് 16 തന്നെ.

എഫ് 16- പാകിസ്ഥാന്റെ യുദ്ധക്കഴുകന്‍

എഫ് 16 എന്നത് സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റ് ആണ്. അതായത് ശബ്ദത്തേക്കാള്‍ വേഗതയില്‍ കുതിക്കുന്ന യുദ്ധ വിമാനം. പാകിസ്ഥാനിലെ പഞ്ചാബിലുള്ള സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയെ മുച്ചൂടും നശിപ്പിക്കാന്‍ എഫ് 16 യുദ്ധവിമാനം പറന്നുയര്‍ന്നത്. സര്‍ഗോദ പട്ടാളവിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് ഈ യുദ്ധവിമാനത്തെ ഇന്ത്യയുടെ ഭൂതല-വ്യോമ മിസൈല്‍ തകര്‍ത്തിട്ടത്.

എഫ് 16നെ വീഴ്‌ത്തിയത് റഷ്യയുടെ എസ് 400
എസ് 400 എന്ന റഷ്യയുടെ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും കുതിച്ചുപാഞ്ഞുപോയ മിസൈലാണ് ഇതിനെ തകര്‍ത്തിട്ടത്. ചൈനയുടെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ കൈവശമുണ്ടെങ്കിലും പാക് വ്യോമസേനയുടെ തുരുപ്പുചീട്ട് എഫ് 16 തന്നെ. ഏറ്റവും ശക്തമായ പ്രതിരോധസംവിധാനങ്ങള്‍ ചുറ്റും ഉയര്‍ത്തിയിട്ടുള്ള സൈനിക വിമാനത്താവളമാണ് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദ. എന്നിട്ടും ഇന്ത്യന്‍ മിസൈല്‍ ആ പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് എഫ് 16 പോലെ അതിവേഗം കുതിച്ചുയരുന്ന സൂപ്പര്‍സോണിക് യുദ്ധവിമാനത്തെ തകര്‍ത്തിട്ടു എന്നത് ഇന്ത്യയുടെ യുദ്ധമികവിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. പാകിസ്ഥാനെ അമ്പരപ്പിച്ച വിജയമായിരുന്നു ഇന്ത്യയുടേത്. ഇതോടെ പാകിസ്ഥാന്‍ തളര്‍ന്നു.

ബാലകോട്ടിലും ഇന്ത്യ എഫ് 16നെ വീഴ്‌ത്തിയിരുന്നു

1980ല്‍ ആണ് യുഎസ് എഫ് 16 എന്ന യുദ്ധവിമാനം പാകിസ്ഥാന് നല്‍കിയത്. പിന്നീട് പലവിധ പരിഷ്കരണങ്ങളും അപ്പപ്പോള്‍ യുഎസ് ഇതില്‍ നടത്തിയിരുന്നു. എഫ് 16ന് മേലുള്ള ഇന്ത്യയുടെ വിജയം യുഎസിനും വലിയ നാണക്കേടായി. മാത്രമല്ല, ഇന്ത്യയുടെ യുദ്ധമികവിന് മുന്‍പില്‍ യുഎസിന്റെ വജ്രായുധമായ എഫ് 16 ഒന്നുമല്ലെന്ന് വന്നാല്‍ യുഎസിന്റെ ആയുധക്കച്ചവടത്തിന് അത് വന്‍തിരിച്ചടിയാകും. ഇതോടെയാണ് യുഎസ് വിദേശകാര്യമന്ത്രി ഇന്ത്യയോടും പാകിസ്ഥാനോടും യുദ്ധം നിര്‍ത്താന്‍ ശക്തമായി ആവശ്യപ്പെട്ടത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാകിസ്ഥാന്‍ കൊന്നപ്പോള്‍ ഇന്ത്യ നടത്തിയ 2019ലെ ബാലകോട്ട് ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ ഈ എഫ് 16 ഉപയോഗിച്ചിരുന്നു. അന്ന് മിഗ് 21 വിമാനം പറപ്പിച്ചിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ഒരു എഫ് 16 വിമാനത്തെ നേര്‍ക്കുനേര്‍ യുദ്ധത്തില്‍ വെടിവെച്ചിട്ടിരുന്നു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് ശേഷം 45 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ യുദ്ധമായിരുന്നു ബാലകോട്ടിലേത്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനം

ലോകത്തിലെ അപകടകാരികളായ യുദ്ധവിമാനങ്ങളില്‍ ഏറ്റവും അപകടകരം എന്നാണ് എഫ് 16നെ വിശേഷിപ്പിക്കുന്നത്. ഇതിന് ആകാശത്തില്‍ നിന്നും ഭൂതലത്തിലേക്ക് കുതിച്ചിറങ്ങാനുള്ള കഴിവും അപാരമാണ്. അതിനാല്‍ 840 കിലോമാറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യകേന്ദ്രത്തിലേക്ക് അതിവേഗം കുതിച്ച് അപകടകരമായ റഡാറുകളെയോ സൈനിക കേന്ദ്രങ്ങളെയോ ബോംബിട്ട് നശിപ്പിക്കുക മാത്രമല്ല, എതിരാളികളുടെ മിസൈല്‍ തട്ടാതെ വെട്ടിച്ച് പറന്ന് തിരിച്ചെത്താനുള്ള കഴിവും ഉണ്ട്. അത്രയ്‌ക്കും രഹസ്യമായി പറക്കാനുള്ള ശേഷി എഫ് 16ന് ഉണ്ട്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഇതിന്റെ ചിറുകകളില്‍ ഒളിപ്പിച്ചിരിക്കുന്ന ബോംബുകള്‍ വര്‍ഷിക്കും. എന്നാല്‍ ഈ എഫ് 16നെയാണ് ഇന്ത്യ വീഴ്‌ത്തിയതെന്നത് പാകിസ്ഥാന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

സദ്ദാമിനെതിരായ യുദ്ധത്തില്‍ താരമായിരുന്ന എഫ് 16

ഭൂഗുരുത്വാകര്‍ഷണത്തിന്റെ ഒമ്പത് മടങ്ങ് വരെ ശക്തിയുള്ള ആകര്‍ഷണങ്ങളെ വെട്ടിച്ച് പറക്കാന്‍ എഫ് 16ന് സാധിക്കും. പൈലറ്റിന് ഏത് കാലാവസ്ഥയിലും വസ്തുക്കളെയും സാഹചര്യങ്ങളെയും കാണാന്‍ കഴിയും. യുഎസും നാല് നേറ്റോ രാജ്യങ്ങളും ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ചതാണ് എഫ് 16. 1991ല്‍ സദ്ദാം ഹുസൈനെതിരെ മരുഭൂമിയിലെ കൊടുങ്കാറ്റ് എന്ന പേരില്‍ നടന്ന ഗള്‍ഫ് യുദ്ധദൗത്യത്തില്‍ വന്‍നാശം വിതച്ചതോടെയാണ് എഫ് 16 പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്തായാലും എഫ് 16നെ വെടിവെച്ചിട്ടതോടെ പാകിസ്ഥാന് മാത്രമല്ല, അമേരിക്കക്കും മുഖം നഷ്ടമായി. 330 മുതല്‍ 580 കോടി രൂപ വരെയാണ് ഒരു എഫ് 16 വിമാനത്തിന്റെ വില.



By admin