ഇസ്ലാമബാദ് : പാകിസ്ഥാന് പുതിയ തലവേദന സൃഷ്ടിച്ച് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ നേതാക്കള്‍. ബലൂചിസ്ഥാന്‍ ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും സ്വതന്ത്രരാജ്യമാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മിര്‍ യാര്‍ ബലോചിന്റെ നേതൃത്വത്തിലുള്ള ബലൂച് നേതാക്കള്‍. പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്തി തങ്ങള്‍ക്ക് സ്വതന്ത്രരാജ്യപദവി നല‍്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഇവിടെ സമരങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ സിന്ദൂര്‍2 എന്നീ ആക്രമണങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും തിരിച്ചടി നേരിട്ട പാകിസ്ഥാന് പുതിയ തലവേദന ബലൂചിസ്ഥാന്‍ നേതാക്കളില്‍ നിന്നും ഉയരുകയാണ്. ബലൂചിസ്ഥാനില്‍ നിന്നും ഉടനെ പിന്‍വാങ്ങാന്‍ പാകിസ്ഥാന്‍ പട്ടാളക്കാരോട് ബലൂച് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒപ്പം ഐക്യരാഷ്‌ട്രസഭയോട് സമാധാന സേനയെ ഉടന്‍ ബലൂചിസ്ഥാനിലേക്ക് അയയ്‌ക്കാനും മീര്‍ യാര്‍ ബലൂച് ആവശ്യപ്പെട്ടു.
ഇന്ത്യയോട് ഉടന്‍ ദല്‍ഹിയില്‍ ബലൂചിസ്ഥാന്‍ എംബസി സ്ഥാപിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യത്തിന് തങ്ങള്‍ പതാകയും ദേശീയ ഗാനവും വരെ സൃഷ്ടിച്ചുകഴിഞ്ഞതായും ബലൂച് പോരാളികളുടെ നേതാവായ മിര്‍ യാര്‍ ബലൂച് അവകാശപ്പെട്ടു.