• Tue. Jan 27th, 2026

24×7 Live News

Apdin News

പാകിസ്ഥാന് പിന്നാലെ മ്യാൻമറിലെ ഭീകര കേന്ദ്രങ്ങളിലും അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തി: സ്ഥിരീകരിച്ച് ഇന്ത്യ

Byadmin

Jan 27, 2026



ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കിന് സമാനമായി മ്യാൻമറിലെ ഭീകര കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. 2025 ജൂലൈയിൽ ഇന്ത്യ–മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തു എന്നാണ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്‌സ്) കമാൻഡോകളാണ് പങ്കെടുത്തത്.

ഓപ്പറേഷന് നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി ലഭിച്ചതോടെയാണ് ഈ സൈനിക നീക്കത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്ത് കൃത്യമായ ഇടപെടൽ നടത്താൻ ഇന്ത്യ തയ്യാറാണെന്ന സന്ദേശമായും ഈ ഔദ്യോഗിക സ്ഥിരീകരണം വിലയിരുത്തപ്പെടുന്നു.

ബഹുമതിയോടൊപ്പം നൽകിയ വിശദീകരണത്തിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘത്തിന്റെ ക്യാംപ് ലക്ഷ്യമിട്ട പ്രത്യേക ദൗത്യത്തെക്കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം–ഇൻഡിപെൻഡന്റ് (ULFA-I) എന്ന വിമതസംഘത്തിന്റെ ക്യാംപുകളാണ് ആക്രമണത്തിന് വിധേയമായതെന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂലൈയിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടന്നതായി ഈ സംഘടന ആരോപിച്ചിരുന്നെങ്കിലും, അന്ന് ഇന്ത്യൻ സൈന്യം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ആക്രമണത്തിൽ ഇന്ത്യൻ സേന പങ്കെടുത്തിട്ടില്ലെന്ന നിലപാടാണ് അപ്പോൾ സ്വീകരിച്ചത്.ഓപ്പറേഷനിൽ ഒൻപത് ഭീകരർ കൊല്ലപ്പെട്ടതായി അന്നുണ്ടായിരുന്ന റിപ്പോർട്ടുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. എന്നാൽ ദൗത്യത്തിന്റെ രീതി, ആയുധങ്ങൾ, നഷ്ടനഷ്ടങ്ങൾ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

By admin