
ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ കുതിപ്പ് പാക്കിസ്ഥാനെയും ചൈനയെയും കാര്യമായി തന്നെ ഭീതിപ്പെടുത്തുന്നുണ്ട്. ബഹിരാകാശത്തും കരയിലും കടലിലും വൻ ശക്തിയായ ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് ആലോചിക്കുകയാണ് പാക്കിസ്ഥാൻ. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളും തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളും പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് പാക്കിസ്ഥാൻ അധികാരികൾ പ്രസ്തവാന നടത്തിയിരുന്നു.
ഇന്ത്യയുടെ 100–ാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ്-2 പാക്കിസ്ഥാന്റെയും ചൈനയുടെും ഉറക്കം കെടുത്തുന്ന ഒന്നാണ് . ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഭൂമിയിലെ ചിത്രങ്ങൾ കൃത്യമായി പകർത്തുന്നുണ്ട്. കാർട്ടോസാറ്റ്–2 പകർത്തിയ ആദ്യ ചിത്രങ്ങൾ ഇന്ത്യയുടെ ശത്രുക്കളുടെ ഉറക്കംകെടുത്തുന്നതാണ്. ഭൂമിയിലെ ദൃശ്യങ്ങൾ കൃത്യതയോടെയാണ് കാർട്ടോസാറ്റ് പകർത്തുന്നത്.
അത്യാധുനിക വിദൂര നിയന്ത്രിത ഉപഗ്രഹമായ കാർട്ടോസാറ്റ്–2 ഉപയോഗിച്ച് പാക്കിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. അതിർത്തിയിലെ ഭീകര ക്യാംപുകളുടെ ചിത്രങ്ങളും പകര്‍ത്താം. ഇതെല്ലാം പാക്കിസ്ഥാന് ഭീഷണി തന്നെയാണ്. ബഹിരാകാശ മേഖലയിൽ കാര്യമായ നേട്ടങ്ങളില്ലാത്ത പാക്കിസ്ഥാന് ഇന്ത്യയുടെ ഓരോ നീക്കവും വൻ വെല്ലുവിളിയാണ്.
ഇന്ത്യ–പാക്ക് നിയന്ത്രണ രേഖയിലെ ഭീകര ക്യാംപുകളും പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും കൃത്യമായി മനസ്സിലാക്കാൻ കാർട്ടോസാറ്റ്–2 പകർത്തുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും സാധിക്കും. പാക്ക് ഭീകരക്യാംപുകളിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്ട്രൈക്കുകളും കാർട്ടോസാറ്റ്–2 സി പകർത്തി അയച്ച ചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു.
ഏതു കാലാവസ്ഥയിലും ഭൂമിയിലെ കാഴ്ചകൾ പകർത്താൻ സാധിക്കും. രാത്രിയും പകലും ഒരു പോലെ ഭൂമിയിലെ കാഴ്ചകൾ കൂടുതൽ മികവോടെ പകർത്തുന്ന ക്യാമറകളാണ് കാർട്ടോസാറ്റ്–2 ൽ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര ശക്തികൾക്ക് മാത്രമായുള്ള സാങ്കേതിക ശേഷിയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്.
അതുപോലെ തന്നെ പാകിസ്ഥാനും, ചൈനയും ഭയക്കുന്ന ആയുധമാണ് അഗ്നി മിസൈൽ . അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന അഗ്നി 5 മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും.
യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോൾ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ വൻശക്‌തികൾക്കൊപ്പം ഇടം നേടാനും ഇന്ത്യയ്‌ക്കു വഴിയൊരുക്കുകയാണ് അഗ്നി. ഇന്ത്യയുടെ ഏതു കോണിൽ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണിൽ വരെയും പറന്നെത്താൻ കഴിയുന്ന മിസൈലാണ് അഗ്നി-5.