പാക്കിസ്ഥാന്‍ സൈന്യം മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് 36 ഇടങ്ങളിലായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.
അതേസമയം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ പാക് ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെ നശിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടെന്നും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതിനിടെ പാക് ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്.