ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഡ്രോണാക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചതിന് പിന്നാലെ ഇന്ത്യ തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ട്. വിവിധ പാക് നഗരങ്ങളില്‍ ഇന്ത്യ ഡ്രോണുകള്‍ അയച്ചതായാണ് അനൗദ്യാഗിക വിവരം.
വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് പാകിസ്ഥാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്.
ജമ്മു കാശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണുകളെത്തിയെന്ന് ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ അറിയിച്ചു.ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ പതിച്ചത്. ഒരു വീടിന് മുകളില്‍ പതിച്ച ഡ്രോണ്‍ വലിയ തീപിടിത്തമുണ്ടാക്കി.ഒരു സ്ത്രീക്ക് ഗുരുതര പൊള്ളലേറ്റു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ല. മറ്റിടങ്ങളിലെ ഡ്രോണ്‍ ആക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി.
രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ വെടിവെച്ചിട്ടു. അമൃത്സറിലെ വിവിധ പ്രദേശങ്ങളില്‍ പതിനഞ്ചോളം ഡ്രോണുകളെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. അമൃത് സറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വീടുകളുടെ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കാശ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത് സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി. വടക്കന്‍ കാശ്മീരിലെ കുപ്വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവെയ്‌പ്പ് നടക്കുകയാണ്.