മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് മുന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമര്‍ശിച്ച് ഗായകന്‍ അദ്നാന്‍ സാമി. പാക് പൗരന്മാര്‍ക്കൊപ്പം ഭാരതം അദ്‌നാന്‍ സാമിയെയും തിരിച്ചയക്കുമോ എന്ന് ചൗധരി ഫവാദ് ഹുസൈന്‍ ചോദിച്ചിരുന്നു. ഫവാദ് ഹുസൈനെ ‘നിരക്ഷരനായ വിഡ്ഢി’ എന്നാണ് അദ്‌നാന്‍ സാമി വിശേഷിപ്പിച്ചത്. തനിക്ക് 2016ല്‍ത്തന്നെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ടെന്ന് അദ്‌നാന്‍ സാമി ചൂണ്ടിക്കാട്ടി. പാക് പൗരന്മാര്‍ ഈ മാസം 29നകം രാജ്യം വിടണം എന്ന് ഭാരതം നിര്‍ദേശിച്ചതിനു പിന്നാലെയാണ് ‘അദ്‌നാന്‍ സമിയുടെ കാര്യമോ?’ എന്ന ചോദ്യം മുന്‍ പാക് മന്ത്രി സാമൂഹിക മാധ്യമത്തിലൂടെ ഉന്നയിച്ചത്. സാമി ഉടന്‍ തന്നെ മറുപടി ട്വീറ്റ് ചെയ്തു. ‘ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് ഇതേക്കുറിച്ച് പറയുക!’ എന്നാണ് സാമി തിരിച്ചടിച്ചത്.
സാമ് പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ളയാളാണെന്ന് ഹുസൈന്‍ പറഞ്ഞതോടെ സമി വീണ്ടും പ്രകോപിതനായി. താന്‍ പെഷവാറില്‍ നിന്നുള്ള ആളാണെന്ന് സാമി തിരുത്തി. വാര്‍ത്താവിതരണ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈന്‍ വസ്തുതകള്‍ തെറ്റായി പറഞ്ഞതിന് സാമി രൂക്ഷമായി വിമര്‍ശിച്ചു.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഫവാദ് ഹുസൈന്‍ വാര്‍ത്താവിതരണ – ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ചൗധരി ഫവാദ് ഹുസൈന്‍. അദ്‌നാന്‍ സാമി 2016-ല്‍ ഭാരത പൗരത്വം നേടുകയും കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിക്കുകയും ചെയ്യുകയാണ്.