
ന്യൂദല്‍ഹി: പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ഭാരതം ഒരു മാസം കൂടി നീട്ടി. ഭാരതത്തില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയിലെ നിരോധനം പാകിസ്ഥാന്‍ ഒരു മാസം കൂടി നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയത്തിന്റെ ഈ തീരുമാനം. വ്യാഴാഴ്ച പാകിസ്ഥാന്‍ പുറത്തിറക്കിയ നോട്ടാം (നോട്ടീസ് ടു എയര്‍മാന്‍) പ്രകാരം നിരോധനം ഡിസംബര്‍ 24 പുലര്‍ച്ചെ 5.29 വരെ തുടരും. നിലവിലുള്ള വിലക്ക് നവംബര്‍ 24 നാണ്് അവസാനിക്കേണ്ടിയിരുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമാതിര്‍ത്തി അടച്ചിടുന്ന എട്ടാമത്തെ മാസമാണിത്.
പാകിസ്ഥാന്‍ വിഷയത്തില്‍ തീരുമാനം എടുത്തുവെന്നും സമാനമായ തീരുമാനം ഭാരതവും എടുക്കുന്നുവെന്നും വ്യോമയാന മന്ത്രാലയം വിശദമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ ഒരു മാസത്തേക്ക് വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെ ഭാരതവും ഇതേ ചുവട് സ്വീകരിച്ചിരുന്നു.