• Thu. Oct 16th, 2025

24×7 Live News

Apdin News

പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍

Byadmin

Oct 15, 2025



ഇസ്ലാമബാദ് :താലിബാനോടുള്ള യുദ്ധം പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ പിടിപ്പുകേടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൗര്‍ബല്യവും തുടര്‍ച്ചയായി വെളിവാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്റെ കരയുദ്ധത്തിന്റെ മൂര്‍ച്ച കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഓടിപ്പോകുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.

ഇതോടെ സൈനികമേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് എല്ലാവരോടെ ഭീരുക്കളായി ഓടിയൊളിക്കാതെ യുദ്ധം ചെയ്യാന്‍ അലറുകയായിരുന്നു അസിം മുനീര്‍. അതുപോലെ രഹസ്യവിവരശേഖരണത്തില്‍ സമര്‍ത്ഥരായ പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐയും ദുര്‍ബലമായിരിക്കുകയാണെന്ന കണ്ടെത്തല്‍ അസിം മുനീറിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ്. കാരണം താലിബാന്റെ ആക്രമണങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുകയാണ്. അതുപോലെ ടിഎല്‍പി പോലുള്ള ഇസ്ലാമിക മതമൗലിക സംഘടനകള്‍ നടത്തുന്ന കടുത്തപ്രതിഷേധസമരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുന്നു. ഇത് കാരണം ഫലപ്രദമായി ആഭ്യന്തരകലാപത്തെയോ അതിര്‍ത്തിപ്രദേശങ്ങളിലെ താലിബാന്‍ ആക്രമണത്തെയോ നേരിടാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് സാധിക്കുന്നില്ല.
ഒരേയൊരു വഴി വ്യോമാക്രമണം
പാകിസ്ഥാന്റെ പക്കല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാന് ഒരേയൊരു വഴി അഫ്ഗാനിസ്ഥാന് മേല്‍ വ്യോമാക്രമണം നടത്തി ബോംബുകള്‍ വര്‍ഷിക്കുക എന്നതാണ്. അഫ്ഗാനിസ്ഥാനാകട്ടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇല്ല. ഇതാണ് വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ധൈര്യം നല്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. വലിയ സ്ഫോടനങ്ങള്‍ താലിബാന്‍ സര്‍ക്കാരിന് വന്‍നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതുവഴി താലിബാന്‍ തിരിച്ചുയുദ്ധം ചെയ്യാന്‍ ഭയന്നേക്കുമെന്ന അസിം മുനീറിന്റെ കണക്കുകൂട്ടല്‍ തെറ്റിയ ദിവസമായിരുന്നു ബുധനാഴ്ച.

താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ബുധനാഴ്ച വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം. താലിബാന്റെ പക്കല്‍ പണ്ട് താലിബാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്ക് പല രാജ്യങ്ങള്‍ നല്കിയ ഏതാനും പഴയ യുദ്ധവിമാനങ്ങളേ ഉള്ളൂ. ഇതുകൊണ്ട് പാകിസ്ഥാനെതിരെ ഫലപ്രദമായ വ്യോമാക്രമണം നടത്താനാവില്ല.

ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ മണ്ണിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാകില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ താലിബാന്‍ ഇതോടെ അടങ്ങും എന്ന് കരുതിയ അസിം മുനീറിന് തെറ്റി. ഉഗ്രശക്തിയോടെ അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തു. പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലുകയും പാകിസ്ഥാന്റെ ഒരു യുദ്ധടാങ്ക് താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദയാണ് യുദ്ധകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

പിന്നെ കേട്ടത് അസിം മുനീറിന്റെ നിലവിളിയായിരുന്നു. അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയെയും ഖത്തറിനെയും ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്നും അടിയന്തരമായി താലിബാന്‍ ആക്രമണം നിര്‍ത്തിത്തരാന്‍ അപേക്ഷിക്കുകയായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിനെ തുടര്‍ന്ന് പരസ്പരം രണ്ട് ദിവസത്തേക്ക് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുകയാണ് താലിബാനും പാകിസ്ഥാനും. ഇതോടെ പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ വരെ അസിം മുനീറിനെതിരെ പരിഹാസം ഉയരുന്നുണ്ട്. താലിബാന്‍ പോലെയുള്ള ഒട്ടും ആധുനികമായ സൈനിക സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാക് സൈന്യവും അതിന്റെ മേധാവിയും എന്തിന് കൊള്ളുമെന്ന പരിഹാസമാണ് ഉയരുന്നത്.

 

By admin