ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേരെ ബി എൽ എ ആക്രമണം . ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ വാഷുക് ജില്ലയിലാണ് സംഭവം. ബലൂച് വിഘടനവാദികൾ സൈനിക വാഹനങ്ങൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ബാസിമ പ്രദേശത്തെ ഗ്രീൻ ചൗക്കിന് സമീപമാണ് ആക്രമണം നടന്നത്. മേഖലയിലൂടെ സഞ്ചരിച്ചിരുന്ന സൈനിക പോലീസ് വാനിനും ക്വിക്ക് റെസ്‌പോൺസ് ഫോഴ്‌സ് (ക്യുആർഎഫ്) യൂണിറ്റിനും നേരെ ആയുധധാരികളായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു .നാലു സാധാരണക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട് .
പരിക്കേറ്റവരെ കനത്ത സുരക്ഷയിൽ സമീപത്തുള്ള മെഡിക്കൽ സെന്ററിലേയ്‌ക്ക് മാറ്റി. ജൂലൈ അവസാനം, ഖൈബർ പഖ്തൂൺഖ്വയിലെ കരക് ജില്ലയിൽ അജ്ഞാതരായ തോക്കുധാരികൾ ഒരു സുരക്ഷാ വാഹനം ആക്രമിച്ച് മൂന്ന് ഫ്രോണ്ടിയർ കോർപ്‌സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു.