• Sun. Oct 13th, 2024

24×7 Live News

Apdin News

പാട്ടുപാടുമ്പോള്‍ മുത്തശ്ശിയെ ഓര്‍മ്മവന്നെന്ന് വൈക്കം വിജയലക്ഷ്മി; ഹിറ്റായി വിജയലക്ഷ്മി പാടിയ എആര്‍എമ്മിലെ താരാട്ട് ഗാനം

Byadmin

Oct 12, 2024


കൊച്ചി: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വൈക്കം വിജയലക്ഷ്മിയ്‌ക്ക് ആരാധകരുടെ കയ്യടി. എആര്‍എം എന്ന് ചുരുക്കിവിളിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ നായകനായ സിനിമയിലെ വൈക്കം വിജയലക്ഷ്മി പാടിയ താരാട്ട് ഗാനം ഹിറ്റ്. സമൂഹമാധ്യമങ്ങളില്‍ ഈ ഗാനം വൈറലാണ്. “ഈ പാട്ടിനു വേറൊരു ശബ്ദം ചിന്തിക്കാൻ പോലും വയ്യ”- ഇങ്ങിനെപ്പോകുന്നു കമന്‍റുകള്‍.

അങ്ങ് വാനക്കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്‌ക്കുള്ളില്
ചോരക്കണ്‍മുയല്‍
ഇങ്ങ് നീലത്തുരുത്തില്
നീര്‍പ്പരപ്പില്‍ നിഴലിടും
അമ്പിളിക്കലക്കുള്ളില്
ആമക്കുഞ്ഞനോ

ഇങ്ങിനെ വളരെ സിംപിളായിപ്പോകുന്ന വരികള്‍ താരാട്ട് പാട്ടിന്റെ ജോനറില്‍ ഉള്ള ഗാനമാണ്.

ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്‌ക്കാം – കുഞ്ഞിളം

വെറ്റിലച്ചെല്ലവും വെറ്റിലമുറുക്കും എല്ലാം കടന്നുവരുമ്പോള്‍ പഴയകാല മുത്തശ്ശിയും കുഞ്ഞും തെളിഞ്ഞുവരുന്നു.
വേറെ ആര് പാടിയാലും ഈ ഗാനം ശരിയാകുമായിരുന്നില്ലെന്നാണ് പൊതുവേ സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്‍റുകള്‍. “മലയാളത്തിൽ പേരും പ്രശസ്തിയും എടുത്ത ഒരുപാട് ഗായിക ഗായകർ ഉണ്ടായിട്ടും വൈക്കം വിജയലക്ഷ്മിയെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് തന്നെ ഈ പാട്ട് പാടാൻ അവസരം നൽകിയവർക്ക് ഒരായിരം നന്ദി”- ഇങ്ങിനെയാണ് ഒരു കമന്‍റ്. “അന്ധതയെ തോൽപ്പിച്ച ഗായിക. എന്തൊരു feel ആയിട്ടാണ് പാടുന്നത്. കേൾക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു കരച്ചിൽ വരുമ്പോലെ….”- മറ്റൊരു കമന്‍റ് ഇങ്ങിനെ.

വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
മാറിൻ ചൂടിൽ ഉറങ്ങ് …. ഉറങ്ങ് …
പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
കൊഞ്ചി കളിയാടി വളര് … വളര് …
ഉം … ഉം … ഉറങ്ങ് …. ഉറങ്ങ് …
ഉം … ഉം … ഉറങ്ങ് …. ഉറങ്ങ് …

“ഈ വരികള്‍ എന്റെ കണ്ണ് നിറയിച്ചു” – ഒരാളുടെ കമന്‍റ്. എപ്പോൾ കേട്ടാലും കണ്ണ് നിറയുമെന്ന് മറ്റൊരാള്‍.

എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും

ഈ വരികള്‍ ഗാനത്തെ സിനിമയിലെ നായകനുമായി കണക്ട് ചെയ്യുന്നു.

മനു മഞ്ജിത് ആണ് ഈ വരികള്‍ എഴുതിയിരിക്കുന്നത്. വളരെ ലളിതമായ ഈ വരികള്‍ മുത്തശ്ശിയും പേരക്കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ നിഷ്കളങ്കതയിലേക്ക് എളുപ്പത്തില്‍ ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നു. ദിബു നൈനാന്‍ തോമസ് ആണ് സംഗീതം. എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തെങ്കിലും സംഗീതം പാഷന്‍ ആയ സംഗീതസംവിധായകനാണ് ദിബു നൈനാന്‍ തോമസ്. 2017ല്‍ മരഗതനാണയം എന്ന സിനിമയിലാണ് സംഗീതസംവിധായകനായി അരങ്ങേറിയത്. വ്യത്യസ്തമായ ട്രീറ്റ്മെന്‍റില്‍ താരാട്ട് പാട്ടിന്റെ തരളത മുഴുവനായും അനുഭവിക്കാനാകും ഈ ഗാനത്തില്‍.

“ഈ ഗാനം ആലപിക്കുമ്പോള്‍ വീട്ടിലെ മുത്തശ്ശിയെ ഓര്‍മ്മ വന്നു”- വൈക്കം വിജയലക്ഷ്മി പറയുന്നു.
സിനിമയില്‍ പാടുമ്പോള്‍ ലിറിക്സ് കാണാപ്പാഠം പഠിച്ചിട്ടുപോകുമെന്ന് വിജയലക്ഷ്മി. അല്ലെങ്കില്‍ വലിയ സ്ട്രെസ് ഫീല്‍ ചെയ്യും. മാത്രമല്ല വരികള്‍ പഠിച്ചെങ്കിലേ ഗാനത്തിന്റെ ഭാവം ശരിക്കും ഉള്‍ക്കൊണ്ട് പാടാന്‍ കഴിയൂ എന്നും വിജയലക്ഷ്മി പറയുന്നു. “വല്ലപ്പോഴുമേ വരുകയൊള്ളു പക്ഷെ വന്നാൽ മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു പാട്ട് സമ്മാനിച്ചു കടന്നുകളയും വൈക്കo വിജയലക്ഷ്മി”- മറ്റൊരാളുടെ രസകരമായ കമന്‍റ് ഇങ്ങിനെയാണ്. അതെ ഇടവേളകളിലാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക കടുന്നുവരിക. സെല്ലുലോയ്ഡിലെ പാട്ട് മറക്കാനാവില്ല.
“കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നൂ,
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ
ആറ്റ് നോറ്റ് ഈ കാണാമരത്തിന്
പൂവും കായും വന്നോ
മീനത്തീവെയിലിന്‍ ചൂടില്‍
തണുതണെ തൂവല്‍ വീശി നിന്നോ….”

പിന്നെ വന്നത് നടന്‍ എന്ന സിനിമയിലെ

ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..
തേനൂറും കനിയേറെ കൊത്തിയിട്ടും
ചുണ്ടിൽ മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ
ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..

ഡോ. മുധ വാസുദേവന്‍ എഴുതിയ വരികള്‍ ഔസേപ്പച്ചന്‍ ഈ ഗാനം സംഗീതം ചെയ്തത് ആരഭി രാഗത്തിലാണ്.

അതിന് ശേഷം വീര ശിവജി എന്ന സിനിമയിലെ “സൊപ്പനസുന്ദരീ നാന്‍ താനെ നാന്‍ സൊപ്പനലോകത്തിന്‍ തേന്‍ താനെ..”. എന്ന തമിഴ്ഗാനം വന്‍ ഹിറ്റായിരുന്നു. അതിന് ശേഷം ഇതാ എആര്‍എമ്മിലെ താരാട്ട് ഗാനം. പക്ഷെ മോഹങ്ങള്‍ ഇപ്പോഴും വൈക്കം വിജയലക്ഷ്മിക്ക് ഏറെയുണ്ട്. റഹ്മാന്റെ കൂടെ, ദാസേട്ടന്റെ കൂടെ, പി.ജയചന്ദ്രന്റെ കൂടെ എല്ലാം പാടണമെന്ന് മോഹങ്ങള്‍.

 

 



By admin