ഗുജറാത്തില്‍ പാനിപൂരി നല്‍കാത്തതില്‍ പ്രതിഷേധിച്ച യുവതി കുത്തിയിരിപ്പ് സമരം നടത്തി. നഗരങ്ങളില്‍ പലരീതിയിലുള്ള ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്തരമൊരു സമരം ഇതാദ്യമാണ്.
ഗുജറാത്തിലെ വഡോദരയില്‍ ഈയാഴ്ചയായിരുന്നു യുവതിയുടെ പ്രതിഷേധം. നഗരത്തിലെ സുര്‍സാഗര്‍ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി കച്ചവടം നടത്തുന്നയാള്‍ 20 രൂപക്ക് ആറ് പാനിപൂരിക്ക് പകരം നാലെണ്ണമേ കൊടുത്തുള്ളൂ. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.
ഇതിന് ഒരു തീരുമാനമാകാതെ റോഡില്‍ നിന്ന് മാറില്ലെന്ന വാശിയോടെ യുവതി തിരക്കേറിയ റോഡില്‍ കുത്തിയിരുന്നു. അല്‍പനേരത്തിനുള്ളില്‍ ഗതാഗതം തടസ്സപ്പെട്ടു. ആളുകള്‍ സംഭവമറിയാതെ മൊബൈലുകളില്‍ റെക്കോര്‍ഡുചെയ്യുന്നതും കാണുമായിരുന്നു. പൊലീസെത്തിയതും യുവതി കരഞ്ഞുകൊണ്ട് കാരണം പറഞ്ഞപ്പോഴാണ് കൂടിനിന്നവരും ഞെട്ടിയത്.
യുവതിയുടെ ആവശ്യപ്രകാരം ബാക്കി കിട്ടാനുള്ള രണ്ട് പാനിപൂരിയും കച്ചവടക്കാരന്‍ കൊടുത്തു. ഇനി മുതല്‍ ഇരുപത് രൂപക്ക് ആറ് പാനിപൂരി വിതരണം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു