• Mon. Mar 10th, 2025

24×7 Live News

Apdin News

പാര്‍ട്ടിയെ പോകറ്റിലാക്കി പിണറായി… മുദ്രാവാക്യങ്ങള്‍ നഷ്ടപ്പെട്ട് സിപിഎം

Byadmin

Mar 10, 2025


പതിറ്റാണ്ടുകള്‍ സിപിഎം കൊണ്ടുനടന്ന മുദ്രാവാക്യങ്ങളും നയങ്ങളും പിണറായി വിജയനു മുന്നില്‍ അടിയറവയ്ക്കുന്നതാണ് കൊല്ലം സമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സമ്പൂര്‍ണ്ണമായും വിധേയമാകുന്നു.

പാര്‍ട്ടി താത്പര്യങ്ങളും നയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പോലും സമ്മേളനത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിണറായി വിജയന്റെ താല്‍പര്യം മാത്രമാണ് സമ്മേളനത്തില്‍ സംരക്ഷിക്കപ്പെട്ടത്.

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് അവസാനിക്കുമ്പോള്‍ പാര്‍ട്ടിയുടെ അവസാനവാക്കായി മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെട്ടത് എന്നു കാണാം. മുഖ്യമന്ത്രിയ്ക്കു താല്‍പര്യമുള്ളവര്‍ മാത്രമാണ് ഈ സമിതികളില്‍ വന്നത്.

അനിഷ്ടം ഉള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി നയത്തിന് പകരം നവകേരള നയരേഖ അവതരിപ്പിച്ചതും മുഖ്യമന്ത്രിയാണ്. അതിനു തിരുത്തല്‍ നിര്‍ദ്ദേശിക്കാനുള്ള ധൈര്യം പോലും സമ്മേളന പ്രതിനിധികള്‍ക്ക് ഉണ്ടായില്ല. ചില കാര്യങ്ങളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചത് ഒഴിച്ചാല്‍ പിണറായി അവതരിപ്പിച്ച രേഖ കയ്യടിച്ച് സമ്മേളനം പാസാക്കി.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പിണറായിയും കൂട്ടരും സമ്മേളനത്തിന് എത്തിയത് . ഈ തിരക്കഥയ്ക്ക് ഒപ്പം തുള്ളുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. തന്റെ വിശ്വസ്തര്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം കണ്ടെത്തി കൊടുക്കാന്‍ ഗോവിന്ദന് ഇതിലൂടെ കഴിഞ്ഞു. പിണറായിയുടെ താല്‍പര്യം അനുസരിച്ചാണ് സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയ്യാറാക്കിയത്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കയ്യടി. ബാക്കി മന്ത്രിമാര്‍ എല്ലാം പരാജയം എന്ന് വരുത്തി തീര്‍ക്കുമ്പോഴും മുഹമ്മദ് റിയാസിനെ പ്രശംസിക്കാന്‍ സമ്മേളനം മറന്നില്ല. സെസ്സിന്റെ അമിതഭാരങ്ങളും പാര്‍ട്ടി അംഗീകരിച്ചു. ചുരുക്കത്തില്‍ പാര്‍ട്ടി നയമല്ല, പിണറായി തയ്യാറാക്കിയ നയത്തിനാണ് സമ്മേളനം അംഗീകാരം നല്‍കിയത്. സ്വകാര്യ മൂലധനത്തിനെതിരേയുള്ള പോരാട്ടവും മുദ്രാവാക്യങ്ങളും അവസാനിപ്പിക്കുകയാണ് സിപിഎം. പതിറ്റാണ്ടുകളായി പാര്‍ട്ടി എതിര്‍ത്ത നയങ്ങളും സമരങ്ങളും പിണറായി വിജയന് മുന്നില്‍ വഴിമാറുന്നതാണ് കൊല്ലം സമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍ കാണുന്നത്

By admin