ഇടുക്കി : സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പാര്‍ട്ടി കൊണ്ടുവന്ന കോളേജ് അടയ്‌ക്കുമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗം പറഞ്ഞത്.ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിപ്പെടുത്തലെന്ന് പിടിഐ അംഗം രാജിമോള്‍ വെളിപ്പെടുത്തി.
ഈ മാസം 18നാണ് സംഭവം.ഹോസ്റ്റല്‍, സ്വന്തമായി കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരം ചെയ്ത സാഹചര്യത്തിലാണ് സിവി വര്‍ഗീസ് യോഗം വിളിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥി പ്രതിനിധികളോട് നിര്‍ദേശിച്ചത്.തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥി പ്രതിനിധികളും പിടിഎ പ്രതിനിധിയും പ്രിന്‍സിപ്പലും അധ്യാപകരുടെ പ്രതിനിധിയുമാണ് ചര്‍ച്ചയ്‌ക്ക് പോയത്.
സര്‍ക്കാര്‍ കെട്ടിടത്തില്‍ ഹോസ്റ്റല്‍ വേണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെ സിവി വര്‍ഗീസ് ദേഷ്യപ്പെട്ടു. ഞാനാരാണെന്ന് അറിയാമോ എന്ന് ചോദിച്ച സിവി വര്‍ഗീസ് പാര്‍ട്ടി കൊണ്ടുവന്ന നഴ്സിംഗ് കോളേജ് നിര്‍ത്തുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. നിങ്ങളുടെ രണ്ട് വര്‍ഷത്തെ പഠനം പോയിക്കിട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.