• Mon. Dec 29th, 2025

24×7 Live News

Apdin News

പാര്‍വതി ഗിരിയുടെ ജീവിതം തലമുറകള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

Byadmin

Dec 29, 2025



ന്യൂദല്‍ഹി: അടുത്ത മാസം രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നല്‍കിയ സമരസേനാനികളെക്കുറിച്ച് പഠിക്കാനും അറിയാനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യത്തിന്റെ നിരവധി നായകന്മാര്‍ക്കും നായികമാര്‍ക്കും അര്‍ഹമായ ബഹുമാനം ലഭിച്ചില്ല. അത്തരമൊരു സ്വാതന്ത്ര്യസമര സേനാനിയാണ് ഒഡീഷയിലെ പാര്‍വതി ഗിരി. അവരുടെ ജന്മശതാബ്ദി ജനുവരിയില്‍ ആഘോഷിക്കും. 16-ാം വയസില്‍ അവര്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനുശേഷം, പാര്‍വതി ഗിരി തന്റെ ജീവിതം സാമൂഹിക സേവനത്തിനും വനവാസി ക്ഷേമത്തിനുമായി സമര്‍പ്പിച്ചു. അവര്‍ നിരവധി അനാഥാലയങ്ങള്‍ സ്ഥാപിച്ചു. അവരുടെ പ്രചോദനാത്മകമായ ജീവിതം തലമുറകള്‍ക്ക് വഴികാട്ടിയാണ്, മന്‍ കി ബാത്ത് അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീരന്മാരുടെയും വീരാംഗനകളുടെയും മഹത്തായ കഥ അടുത്ത തലമുറയ്‌ക്ക് കൈമാറണം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക വെബ്സൈറ്റ് തയാറാക്കിയിരുന്നു. അതിലെ ഒരു ഭാഗം ‘അണ്‍സങ് ഹീറോസ്’ എന്ന് ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മഹാന്മാരെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

പ്രതീക്ഷയുടെ ഉറവിടം യുവശക്തി

ഭാരതത്തിന്റെ പ്രതീക്ഷയുടെ ഉറവിടം യുവശക്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ രണ്ടാം പതിപ്പ് ഉടന്‍ നടക്കും. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത മാസം 12ന് ദേശീയ യുവജന ദിനം ആഘോഷിക്കും. ഈ ദിവസം സംഘടിപ്പിക്കുന്ന യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ‘സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍’ അടക്കം നിരവധി വേദികള്‍ ഇപ്പോഴുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ, 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ആറായിരത്തിലധികം സ്ഥാപനങ്ങളും ‘സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണില്‍’ പങ്കെടുത്തിട്ടുണ്ട്.

മരുന്നുകള്‍ക്ക് ഗൈഡന്‍സ്, ആന്റിബയോട്ടിക്കുകള്‍ക്ക് ഡോക്ടര്‍

നിരവധി രോഗങ്ങള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലെ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി. ഇതിനുള്ള ഒരു പ്രധാന കാരണം ആളുകള്‍ അശ്രദ്ധമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതാണ്. അവ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മരുന്നുകള്‍ക്ക് ഗൈഡന്‍സ്, ആന്റിബയോട്ടിക്കുകള്‍ക്ക് ഡോക്ടര്‍ എന്ന നിര്‍ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

By admin