• Sun. Oct 27th, 2024

24×7 Live News

Apdin News

പാലക്കാട്ട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ; ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്

Byadmin

Oct 27, 2024


ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിനെയല്ല, പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് മുൻ എംപി കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്നു . ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തായത്.

ഇത്തവണ മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാർത്ഥിയെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത് . ഡിസിസി ഭാരവാഹികൾ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .

മണ്ഡലത്തിൽ ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിൻ്റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എന്നിവർക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിലാകെ ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തിൽ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാൻ മികച്ച സ്ഥാനാർത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാർത്ഥി വന്നാലേ മണ്ഡലത്തിൽ ജയിക്കാനാവൂ.

താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ ഒരു തരത്തിലും പരീക്ഷണം നടത്താൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

The post പാലക്കാട്ട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ; ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് appeared first on ഇവാർത്ത | Evartha.

By admin