പാലക്കാട്ട് നിർണായക ഘട്ടത്തിലുണ്ടായ അനാവശ്യ വിവാദങ്ങളും ഒപ്പം പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായമുയർന്നതും കല്ലുകടിയായെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തൽ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തിയിട്ടും അതിന്റെ ആവേശം ചുരമിറങ്ങിയില്ലെന്ന് മാത്രമല്ല, ചർച്ചകൾ പാലക്കാട് കേന്ദ്രീകരിച്ചുമായിരുന്നു.
അതേസമയം അപ്രതീക്ഷിതമായുണ്ടായ വിവാദങ്ങളും പിന്നാലെ, പാർട്ടിയിലുയർന്ന രണ്ടഭിപ്രായവും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു. യു.ഡി.എഫ് ഇത് കാര്യമായി തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുന്ന നിലയുമുണ്ടായി. ലോക്സഭ തെരഞ്ഞെടുപ്പിലേതിന് സമാനമായി ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും യു.ഡി.എഫിനാണ് ലഭിച്ചതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ നടന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധതയും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവുമടക്കം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്വന്തമാക്കിയത് ചെറുതല്ലാത്ത നേട്ടമെന്നാണ് സി.പി.എം കണക്കാക്കുന്നത്.
ചേലക്കരയിലെ രാഷ്ട്രീയ പോരാട്ടത്തിൽ തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന്റെ സംഘടന സംവിധാനവും ചേലക്കരയിൽ കാര്യക്ഷമമായിരുന്നു. പാലക്കാട് ചില പോരായ്മകളുണ്ടായെങ്കിലും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് വർധിപ്പിക്കാനായി.