അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. താന്‍ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കി. ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും നടന്‍ പറഞ്ഞു.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി.
ഷൈന്‍ പ്രതിയായ 2015ലെ കൊക്കൈയന്‍ കേസില്‍ തസ്‌ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഷൈനടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
മുഖ്യ ലഹരി ഇടപാടുകാരനായ സജീറുമായും ബന്ധമുണ്ടെന്നും നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈന്‍ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പല തവണയായി ഷൈന്‍ സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.
അതേസമയം, ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് സൂചന.
സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാലും ഷൈന്‍ ടോം ചാക്കോയെ വീണ്ടും പൊലീസ് വിളിപ്പിക്കും. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരക്കും വിളിപ്പിക്കുക.
നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.