പാലക്കാട്: പാലക്കാട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ എസ്‌ഡിപിഐ പ്രവർത്തകൻ പിടിയിൽ. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് പ്രതി നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാലയാണ് പൊട്ടിച്ചത്.പാൽവിൽപ്പന നടത്തിവരികയാണ് വയോധിക. ബൈക്കിലെത്തിയ പ്രതി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാല കവരുകയായിരുന്നു. തുടർന്ന് വയോധിക കുഴൽമന്ദം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയുടെ മുഖം വയോധികയ്‌ക്ക് ഓർമയില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അഞ്ച് വർഷത്തോളം എസ്ഡിപിഐ കൊടുവായൂർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഷാജഹാൻ. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.