• Sat. Apr 19th, 2025

24×7 Live News

Apdin News

പാലക്കാട് സംഘര്‍ഷം : ബിജെപി-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Byadmin

Apr 17, 2025


പാലക്കാട്: സംഘര്‍ഷത്തില്‍ ബിജെപി-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 16 പേര്‍ക്കെതിരെയും ബിജെപിയുടെ ജില്ലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ 19 പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷിനും എതിരേയും കേസുണ്ട്.

അതേസമയം പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ പോലീസ് മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുകൂട്ടരെയും ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് ക്ഷണം തള്ളി. സംഭവത്തില്‍ പോലീസ് വിളിച്ച മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. ബിജെപിയുമായി ചായയും ബിസ്‌ക്കറ്റും കഴിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്നും പോലീസ് ക്രമസമാധാന പാലനം മാത്രം നോക്കിയാല്‍ മതിയെന്നും പറഞ്ഞു. ബിജെപിക്കാര്‍ക്കെതിരേ പോലീസ് കേസെടുക്കാത്തത് ഭയം കൊണ്ടാണോ അനുകമ്പ കൊണ്ടാണോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ഇന്നലെ യൂത്ത്‌കോണ്‍ഗ്രസും ബിജെപിയും പരസ്പരം എതിരാളികളുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസ് സാന്നിദ്ധ്യത്തില്‍ ബിജെപി നേതാക്കള്‍ കൊലവിളി നടത്തിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു. പിന്നീട് രാത്രി ഏറെ വൈകിയും രാഹുല്‍മാങ്കൂട്ടത്തിന്റെയും കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരുടേയും നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ സമരം നടത്തുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഭിന്നശേഷിക്കാരെ അപമാനിച്ചെന്നും അതിന് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി രാവിലെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാകുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് ബിജെപി ജില്ലാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്്.

By admin