കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ യാത്രാമാര്‍ഗത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെങ്കിലും മൂന്നു യുവാക്കള്‍ ബൈക്കില്‍ കടന്നുകയറി പൊലീസ് ഉദ്യോഗസ്ഥനെ മറികടന്ന് പാഞ്ഞുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാലാ ജനറല്‍ ആശുപത്രി ജങ്ഷനും മുത്തോലിക്കും ഇടയിലായിരുന്നു സംഭവം. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് മാത്രമാണ് ഹെല്‍മെറ്റ് ഉണ്ടായിരുന്നത്. കെ.എല്‍ 06 ജെ 6920 എന്ന നമ്പറിലുള്ള ബൈക്കിലാണ് യുവാക്കള്‍ യാത്ര ചെയ്തിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ വെട്ടിച്ച് കടന്നുപോയതായി ദൃശ്യങ്ങളില്‍ കാണാം.
രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനത്തിന്റെ ഭാഗമായ സുരക്ഷയ്ക്കായി ഏകദേശം 1500ഓളം സായുധ പൊലീസുകാരെ നിയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 200ഓളം പേര്‍ മഫ്തിയിലായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു രാഷ്ട്രപതിയുടെ സന്ദര്‍ശനം.
ഇതിനിടെ, ശബരിമല സന്ദര്‍ശനത്തിനിടെ പ്രമാടം ഹെലിപാഡില്‍ രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ താഴ്ന്ന സംഭവംയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡിന്റെ പ്രതലം പൂര്‍ണമായി ഉറച്ചിട്ടില്ലാത്തതിനാലാണ് ടയര്‍ താഴ്ന്നത്. പൊലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതനുസരിച്ച്, ഇത് സുരക്ഷാ വീഴ്ചയല്ല. ഹെലികോപ്റ്റര്‍ യാത്രയുടെ മേല്‍നോട്ടം വ്യോമസേനയ്ക്കായിരുന്നു, ലാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു. സംഭവം സംബന്ധിച്ച് രാഷ്ട്രപതി ഭവനോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡി.ജി.പി ഓഫീസും അറിയിച്ചു.