• Fri. Aug 15th, 2025

24×7 Live News

Apdin News

പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നത്; വി.ഡി സതീശന്‍

Byadmin

Aug 15, 2025


പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരണത്തില്‍ ഇരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടുത്തിടെ സംസ്ഥാനത്ത് മൂന്നു പാലങ്ങളാണ് തകര്‍ന്നു വീണതെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഇന്ന് തകര്‍ന്നത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മാവേലിക്കരയില്‍ കീച്ചേരികടവ് പാലം തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചത്. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും നിര്‍മാണത്തിനിടെ തകര്‍ന്നു വീണു.’ അദ്ദേഹം പറഞ്ഞു.

പാലാരിവട്ടത്ത് തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നിര്‍മ്മിതികള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേയെന്നും മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയ്യാറുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

By admin