• Thu. Feb 27th, 2025

24×7 Live News

Apdin News

പാലാ നഗരസഭയില്‍ ഇടതുപക്ഷത്തെ വെട്ടിലാക്കി സിപിഐയുടെ ഏക കൗണ്‍സിലര്‍ നാടുവിട്ടു

Byadmin

Feb 26, 2025


കോട്ടയം : പാലാ നഗരസഭ ഭരണം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കിണ്ണത്തിന്റെ വക്കത്തെ കടുക് എന്ന മട്ടില്‍ നില്‍ക്കെ സിപിഐയുടെ ഏക കൗണ്‍സിലര്‍ നാടുവിട്ടതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം. മാസങ്ങള്‍ക്കു മുമ്പ് വിദേശത്തേക്ക് പോയ കൗണ്‍സിലര്‍ സന്ധ്യക്കെതിരെയാണ് പാര്‍ട്ടി വിമര്‍ശനം ഉയര്‍ത്തിയത്. അടുത്തിടെ എല്‍ഡിഎഫിന്റെ സ്വന്തം കൗണ്‍സിലറും മാണി വിഭാഗം നേതാവുമായ ഷാജി തുരുത്തന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാത്തതിനെ ചൊല്ലി കലഹം ഉണ്ടാവുകയും പ്രതിപക്ഷം ഈ അവസരം മുതലെടുത്ത് അവിശ്വാസപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം മാറിക്കളയുകയും അതേസമയം സ്ഥാനമൊഴിയാത്ത ചെയര്‍മാനെ മാണിക്കാര്‍ തന്നെ വോട്ട് ചെയ്ത് പുറത്താക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടായി. ഈ ഘട്ടത്തില്‍ സിപി ഐ തന്നെ മുന്‍കൈയെടുത്ത് പണം മുടക്കി വിദേശത്തുനിന്ന് എത്തിച്ച് സന്ധ്യയെ അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിച്ചിരുന്നു. അതിനു ശേഷം സന്ധ്യ മടങ്ങി. അടുത്തയാഴ്ച നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തണം . സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഏക കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തെ പാര്‍ട്ടി പുറത്താക്കിയിരിക്കുകയാണ്. ഇടതുപക്ഷത്തുള്ള മറ്റൊരു വനിതാ കൗണ്‍സിലറായ ഷീബ ജിയോ, ബിനുവിന്റെ പക്ഷത്താണ്. പാര്‍ട്ടി തന്നെ പുറത്താക്കിയ ചെയര്‍മാന്‍ ഷാജി വി തുരുത്തന്‍ എന്ത് നിലപാട് എടുക്കും എന്ന് വ്യക്തമല്ല. ഈ ഘട്ടത്തില്‍ ഇടതുപക്ഷത്തിന് 13 അംഗങ്ങള്‍ മാത്രമേ ചെയര്‍മാന്‍ വോട്ടെടുപ്പ് സമയത്ത് ഉണ്ടാകാന്‍ ഇടയുള്ളൂ. ഒന്‍പത് അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്. ഇവര്‍ക്കൊപ്പം ബിനുവും ഷാജുവും ഷീബയും ചേര്‍ന്നാല്‍ 12 പേരായി ഒരാളെ കൂടി സംഘടിപ്പിച്ചാല്‍ പ്രതിപക്ഷത്തിന് വിജയിക്കാവുന്നതേയുള്ളൂ. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തിലാണ് എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി ഏക സിപിഐ കൗണ്‍സിലര്‍ വിദേശത്തേക്ക് പോയത്. അന്നേ രാജി വെച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താമായിരുന്നു. അതിന് സന്ധ്യ തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് സന്ധ്യയുടെ നടപടി പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശത്തിന് ഇടയാക്കിയത്. തെക്കേക്കര ബ്രാഞ്ച് സെക്രട്ടറി പി ശ്യാം ആണ് ലോക്കല്‍ സമ്മേളനത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

 



By admin