കൊല്ലം: സംസ്ഥാനത്ത് പാലിനും മുട്ടയ്‌ക്കും വിലയേറിയത് അങ്കണവാടികളിലെയും സ്‌കൂളുകളിലെയും പോഷകാഹാര വിതരണത്തെ പ്രതിസന്ധിലാക്കി. അടുത്തിടെ മില്‍മ പാല്‍ വില ലിറ്ററിന് 60 രൂപയായി വര്‍ദ്ധിപ്പിച്ചതനുസരിച്ച് സര്‍ക്കാര്‍ തുക കൂട്ടിയില്ല. അങ്കണവാടികളിലും സ്‌കൂളുകളിലും പാല്‍ എത്തിക്കുന്നതിനുള്ള ചെലവ് വേറെയാണ്.
പാലിന് ലിറ്ററിന് 50 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതു വര്‍ദ്ധിപ്പിക്കണമെന്ന് പ്രഥമാദ്ധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ആയില്ല. മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകമാണ് പാലും മുട്ടയും. എന്നാല്‍ സ്‌കൂളുകളില്‍ വരവ് ചെലവ് കണക്കുകള്‍ കൂട്ടിനോക്കുമ്പോള്‍ അദ്ധ്യാപകരുടെ കയ്യില്‍ നിന്ന് പണം മുടക്കേണ്ടിവരും.
മുട്ടയ്‌ക്ക് വിപണിയില്‍ പത്ത് രൂപയാണ്. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് 7.50 രൂപയാണ്. വിതരണച്ചെലവിലെ വര്‍ദ്ധന കണക്കിലെടുത്ത് പാല്‍ വിതരണത്തിനുള്ള നിരക്ക് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നതാണ് വിതരണക്കാരുടെയും അദ്ധ്യാപകരുടെയും ആവശ്യം. അതേസമയം വില കൂടിയതോടെ ടെന്‍ഡര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ പാല്‍ എത്തണമെങ്കില്‍ ലിറ്ററിറ്റ് 65-70 രൂപയാകും.