തൃശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ടോള്‍പിരിവ് നടത്തുകയുള്ളൂ എന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും പാലിയേക്കരയില്‍ പഴയ രീതി തന്നെ. ബി.ഒ.ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിയങ്കര ടോള്‍ പ്ലാസയില്‍ നേരത്തേ യു.പി.ഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയില്‍ ഇപ്പോഴും പഴയ രീതിയിലാണ് ടോള്‍ പിരിവ്.
വാഹന യാത്രക്കാരില്‍ വലിയ ശതമാനം ഇപ്പോഴും ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നില്ലെന്നതാണ് പുതിയ നിര്‍ദ്ദേശം നടപ്പാക്കാത്തതിന് കാരണമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു. യു.പി.ഐ ഇല്ലാത്ത സാഹചര്യത്തില്‍ ഇ-ചലാന്‍ വഴി തുക ഈടാക്കണം എന്നാണ് എന്‍.എച്ച്.എ.ഐ പറയുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ടോള്‍ പ്ലാസ അധികൃതര്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച മുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാകുമെന്നും ടോള്‍പിരിവ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചിരുന്നു.ടോള്‍ അടയ്‌ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് അറിയിപ്പ് . ഇതിനായി എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.
ഫാസ്ടാഗ് ഇല്ലാത്തതോ പ്രവര്‍ത്തന ക്ഷമമല്ലാത്തതോ ആയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് യു.പി.ഐ വഴി പണമടയ്‌ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോള്‍തുകയുടെ 25 ശതമാനം തുക അധികമായി നല്‍കേണ്ടതുണ്ട്.