• Sat. Nov 22nd, 2025

24×7 Live News

Apdin News

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Byadmin

Nov 22, 2025



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സംശയമുനയിലായതിന്റെ പിന്നാലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച വിഷയത്തിലും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കെതിരെ മണ്ഡലത്തിലെ അണികളില്‍ അമര്‍ഷം പുകയുന്നു. അനധികൃത സാമ്പത്തിക ഇടപാടുകളും ദുരൂഹമായ സാമ്പത്തിക വളര്‍ച്ചയും ഉള്‍പ്പെടെ ചോദ്യം ചെയ്തു തുടങ്ങി. നേരത്തെ സദാചാര വിരുദ്ധമായ ഓഡിയോ സംഭാഷങ്ങള്‍ പുറത്തുവന്നതും അണികളുടെ ഇടയില്‍ ഇപ്പോഴും ചര്‍ച്ചവിഷയമാണ്. സ്വപ്‌നസുരേഷ് കടകംപള്ളിയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളും അണികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വഭാവദൂഷ്യവും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയും സംശയമുനയിലാക്കിയതിന്റെ പിന്നാലെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടെന്നും ഇഷ്ടക്കാരെയും ബന്ധുക്കളെയും മത്സരിപ്പിക്കുന്നതിന് സ്വാധീനം ചെലുത്തിയെന്നുമാണ് അണികളിലുയരുന്ന അമര്‍ഷം.

പരസ്യ വിമര്‍ശനവുമായി ലോക്കല്‍കമ്മിറ്റി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എംഎല്‍എ ആവശ്യമില്ലാത്ത ഇടപെടല്‍ നടത്തിയതിനെത്തുടര്‍ന്ന് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠന്‍ ഉള്ളൂര്‍ വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. തനിക്ക് സീറ്റ് നിഷേധിച്ച കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗംകൂടിയായ ശ്രീകണ്ഠന്‍ നടത്തിയത്. കടകംപള്ളി പറഞ്ഞു പറ്റിച്ചു. തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയ ശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ എന്നായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂര്‍ വാര്‍ഡിലാണ് ശ്രീകണ്ഠന്‍ വിമതനായി മത്സരിക്കുന്നത്. വിമതനായി മത്സരിക്കുകയും മണ്ഡലത്തിലെ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെ ശ്രീകണ്ഠനെ കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ പുറത്താക്കുകയായിരുന്നു. 31 വര്‍ഷം ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ച ശ്രീകണ്ഠന്‍ ഉള്ളൂര്‍ സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും കേരള സര്‍വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 40 വര്‍ഷത്തിലേറെയായി പാര്‍ട്ടി അംഗമായിരുന്ന ശ്രീകണ്ഠന്റെ വിമര്‍ശനം എംഎല്‍എക്കെതിരെ മണ്ഡലത്തിലുയരുന്ന അമര്‍ഷത്തിന്റെ സൂചനയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇതേസമയം തന്നെ 2005-2010 കാലയളവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചെമ്പഴന്തി ലോക്കല്‍കമ്മിറ്റി അംഗം ആനി അശോകനും കടകംപള്ളി സുരേന്ദ്രനെതിരെ രംഗത്തുവന്നു. കടകംപള്ളി അധികാരമോഹിയാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തുന്നുവെന്നും ആനി അശോകന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്താല്‍ ചെമ്പഴന്തി ലോക്കല്‍കമ്മിറ്റി യോഗം ചേര്‍ന്ന് ആനി അശോകനെയും പുറത്താക്കി.

അടുത്ത ബന്ധുവിന് സീറ്റ് ഉറപ്പാക്കി

ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്തിയതോടൊപ്പം ഇഷ്ടക്കാര്‍ക്ക് സീറ്റ് ഉറപ്പുവരുത്താന്‍ മടികാട്ടിയില്ലെന്നും ആക്ഷേപം. ചാക്ക വാര്‍ഡിലേക്ക് മത്സര രംഗത്തേക്ക് ആദ്യംമുതല്‍ പറഞ്ഞുകേട്ട പലരെയും ഒഴിവാക്കിയാണ് കടകംപള്ളി സുരേന്ദ്രന്റെ അടുത്ത ബന്ധുവായ കെ. ശ്രീകുമാറിന് സീറ്റ് ഉറപ്പാക്കിയത്. വി.കെ.പ്രശാന്ത് എംഎല്‍എ ആയ ഒഴിവില്‍ ഒരുവര്‍ഷത്തേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാക്കിയതിനു പിന്നിലും കടകംപള്ളിയുടെ നിര്‍ബന്ധബുദ്ധിയായിരുന്നെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. കെ. ശ്രീകുമാറിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് കടകംപള്ളി സുരേന്ദ്രന്റെ മകനാണ്. ഈ ബന്ധം നിലവിലുള്ളതിനാല്‍ ശ്രീകുമാറിന് സീറ്റുറപ്പാക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ വഴിവിട്ട് ഇടപെട്ടെന്നും ആരോപണമുണ്ട്.

 

By admin