
ന്യൂദല്‍ഹി: പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
നിശ്ചിത സമയത്തിനുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പാൻകാർഡുകൾ നിർജ്ജീവമാകുന്നത് ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നതിനും നികുതികളും റിട്ടേണുകളും ഫയൽ ചെയ്യുമ്പോൾ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. കെവൈസി അപ്‌ഡേഷൻ ആവശ്യമുള്ള ബാങ്ക് ഇടപാടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഓഹരി വിപണി ഇടപാടുകൾ എന്നിവ മുടങ്ങാനും സാധ്യതയുണ്ട്.
സമയപരിധിക്ക് ശേഷം പാൻ കാർഡ് വീണ്ടും പ്രവർത്തനസജ്ജമാക്കണമെങ്കിൽ 1,000 രൂപ പിഴ ഒടുക്കേണ്ടി വരും. കൂടാതെ, അപേക്ഷ നൽകി പാൻ കാർഡ് വീണ്ടും ‘ഓപ്പറേറ്റീവ്’ ആകാൻ ഏകദേശം 30 ദിവസത്തോളം സമയമെടുത്തേക്കാം. ഈ കാലയളവിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും തടസ്സമുണ്ടാകും.
പാൻകാർഡും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം?
ആദായനികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച്, നികുതിദായകർക്ക് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കാം. നികുതിദായകന്റെ പേരും ജനനത്തീയതിയും ആധാറിലും പാൻ രേഖകളിലും ഒരുപോലെയാണെങ്കിൽ ആധാർ നമ്പർ പാൻ നമ്പറുമായി ലിങ്ക് ചെയ്യപ്പെടും.
ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ വഴിയും വളരെ എളുപ്പത്തിൽ പാൻകാർഡും ആധാറും ലിങ്ക് ചെയ്യാം. നികുതിദായകർക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഉപയോക്തൃനാമവും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യാം. പേജിന്റെ ഇടതുവശത്തുള്ള പാനലിലെ ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി, ശേഷം സാധുവാക്കുക എന്ന ഓപ്ഷൻ നൽകി രണ്ടു രേഖകളും ബന്ധിപ്പിക്കാം. നികുതിദായകന്റെ പേരും ജനനത്തീയതിയും ആധാറിലും പാൻ രേഖകളിലും ഒരുപോലെയാണെങ്കിൽ ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കപ്പെടും.
നികുതിദായകന്റെ പേരും ജനനത്തീയതിയും ആധാറിലും പാൻ രേഖകളിലും ഒരുപോലെയാണെങ്കിൽ ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കപ്പെടും.ഇ-ഫയലിംഗ് പോർട്ടലിലൂടെ നേരത്തെ രേഖകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കുന്നു.