തിരുവനന്തപുരം : പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച് സിപിഎം. പാർട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോർട്ടിലാണ് വിമര്‍ശനം.
പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കള്‍ ഉണ്ടെന്നും പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വിഭാഗീയതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ പരിശോധനകള്‍ അനിവാര്യമാണെന്നും സംസ്ഥാന സെന്ററില്‍ നിന്നുള്ള നേതാക്കള്‍ കീഴ്ഘടങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സമ്മേളനത്തിലും ചില പ്രശ്‌നങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളാണ് അതിലുള്ളത്. വിവിധ തരത്തിലുള്ള ഈ പരാതികളെല്ലാം ശരിയായ പരിശോധനയക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ജില്ലകളിലെ പരാതികളെല്ലാം സംസ്ഥാന സെന്ററില്‍ നന്ന് ഒരു കൂട്ടം സഖാക്കള്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കും. വേണ്ടി വന്നാല്‍ കീഴ്ഘടങ്ങളിലും സംസ്ഥാന സെന്ററില്‍ നിന്നുള്ള സഖാക്കള്‍ പങ്കെടുത്തു കൊണ്ട് മെറിറ്റും, മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനമെടുക്കും. തെറ്റായി ഒഴിവാക്കപ്പെട്ടവരുടെയും വിഭാഗീയമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളെ പേര് പറഞ്ഞും വിമര്‍ശിക്കുന്നുണ്ട്. എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും റിപ്പോർട്ടിൽ രൂക്ഷ വിമര്‍ശനം നേരിടുന്നുണ്ട്. പ്രസംഗത്തിലും, മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും മന്ത്രിക്ക് ശ്രദ്ധയില്ല. അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ പി ജയരാജന്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.
അതേ സമയം മുൻപ് സൂചിപ്പിച്ച വിഭാഗീയത പ്രശ്നങ്ങൾ പർട്ടിയുടെ സമ്മേളനങ്ങളില്‍ പ്രതിഫലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.