• Wed. Jun 3rd, 2026

24×7 Live News

Apdin News

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

Byadmin

Jun 3, 2026


പയ്യന്നൂർ: പയ്യന്നൂരിലെ സിപിഎമ്മിൽ വിഭാഗീയത വീണ്ടും പുകയുന്നു. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിനിടെ ഏരിയ കമ്മിറ്റി അംഗമായ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുതിർന്ന നേതാക്കൾ നോക്കിനിൽക്കെ തനിക്കെതിരെ ഉണ്ടായ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് യോഗത്തിൽ കടുത്ത വാക്കേറ്റത്തിന് കാരണമായത്. ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വനിതാ നേതാവ് വോട്ട് മറിച്ചു എന്ന ആരോപണം ഒരു ലോക്കൽ കമ്മിറ്റി അംഗം യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. ഈ വോട്ട് മറിക്കൽ ആരോപണത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും, ഇത് പിന്നീട് വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് വഴിമാറുകയും ചെയ്തു.

ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഈ സംഭവം പാർട്ടി അണികൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. പാർട്ടി വേദികളിൽ വനിതാ നേതാക്കൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.



By admin