
ന്യൂദൽഹി : പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യം കേട്ട് അമിത് ഷാ വിറച്ചുപോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് നടത്തിയ “വോട്ട് ചോർ ഗഡ്ഡി ഛോഡ്” എന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ .
‘ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവുമായല്ല പ്രവർത്തിക്കുന്നത് . സർക്കാരുമായി ഒത്തുചേർന്നാണ് അവർ തീരുമാനങ്ങൾ എടുക്കുന്നത് . ഇതെല്ലാം സത്യത്തെ അടിച്ചമർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് . തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്ത് ചെയ്താലും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് പുതിയ നിയമം പറയുന്നു. ഇത് ജനാധിപത്യത്തിന് അങ്ങേയറ്റം അപകടകരമാണ്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം മാറ്റും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉത്തരവാദിത്തമുള്ളവരായിരിക്കും. നിങ്ങൾ നരേന്ദ്ര മോദിയുടെയല്ല, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.ഇന്ന് രാജ്യത്തെ യഥാർത്ഥ പോരാട്ടം സത്യത്തിനും അസത്യത്തിനും ഇടയിലാണ്.
സത്യമാണ് ഏറ്റവും ഉയർന്ന മൂല്യമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ, ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം നേരെ വിപരീതമാണ്. മോഹൻ ഭഗവതിലും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിലും സത്യത്തിന് പ്രാധാന്യമില്ല. അധികാരത്തിനാണ് അവർ മുൻഗണന നൽകുന്നത്. ഞാൻ അധികാരത്തിനല്ല, സത്യത്തിനാണ് പ്രാധാന്യം നൽകുന്നത് .
പാർലമെന്റി എന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരമില്ലായിരുന്നു. അവതരണത്തിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് സർക്കാരിന് ഉത്തരമില്ലായിരുന്നു. ചോദ്യം കേട്ട് അമിത് ഷാ പാർലമെന്റിൽ വിറച്ചു . അവർക്ക് അധികാരമുണ്ട്, നമുക്ക് സത്യവുമുണ്ട്. സത്യത്തോടൊപ്പം നിന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും ആർഎസ്‌എസ്-ബിജെപിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു ‘ – രാഹുൽ പറഞ്ഞു