• Mon. Sep 7th, 2026

24×7 Live News

Apdin News

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

Byadmin

Sep 7, 2026


ന്യൂദൽഹി: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉപാധികളോടെ അനുമതി നല്‍കി രാഹുല്‍ ഗാന്ധി. കരിക്കുലം തീരുമാനിക്കേണ്ടതും, സ്കൂളുകള്‍ തീരുമാനിക്കേണ്ടതും സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കണം എന്ന രണ്ട് ഉപാധികളാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചിരിക്കുന്നത്. പത്ത് ജൻപഥിൽ രാഹുലും മുഖ്യമന്ത്രി സതീശനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം.

കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. പിഎം ശ്രീ നടപ്പാക്കണമെന്ന നിലപാട് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയിൽ വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നും പറയുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിരുന്നു.



By admin