
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നതിനുള്ള ധാരണാപത്രം തയ്യാറാക്കിയത് സംസ്ഥാന മന്ത്രിസഭയുടെ അറിവോ അംഗീകാരമോ കൂടാതെയാണെന്നും, ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ പൂർണ്ണമായും ഒഴിവാക്കിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണായക നീക്കമെന്നും വെളിപ്പെട്ടിരിക്കുന്നു. ഇതോടെ ഭരണമുന്നണിയിൽ അത്യസാധാരണമായ പ്രതിസന്ധിയും കടുത്ത ഭിന്നതയും ഉടലെടുത്തു.
ഈ മാസം 16-നാണ് തിരുവനന്തപുരത്ത് ധാരണാപത്രം തയ്യാറാക്കിയത്. എന്നാൽ, ഒക്ടോബർ 22-ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിവരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറച്ചുവെച്ചു. യോഗത്തിൽ സിപിഐ മന്ത്രി കെ. രാജൻ, പിഎം ശ്രീ പദ്ധതി സംബന്ധിച്ച മുന്നണിയുടെ എതിർപ്പ് ശക്തമായി ഉന്നയിച്ചിരുന്നു. അപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാനം ധാരണാപത്രം തയ്യാറാക്കിയതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. മന്ത്രിസഭയിൽ ചർച്ചക്ക് വെക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് കേന്ദ്രവുമായി കരാറിൽ ഒപ്പിട്ടത്.
സംസ്ഥാന സർക്കാർ ഏകപക്ഷീയമായി കരാറിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് സിപിഐ രണ്ടും കൽപ്പിച്ചിറങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ചർച്ച കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ച നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കടുത്ത പ്രതിഷേധം അറിയിക്കുകയും തിരുത്തലിനായി എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തു.സംസ്ഥാനം പദ്ധതിയിൽ പങ്കുചേർന്ന സംഭവം ഒരിക്കലും പ്രതീക്ഷിക്കാത്തതും ഞെട്ടലുണ്ടാക്കുന്നതുമായിരുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത്.
പിഎം ശ്രീയില്‍ ചേരുന്നിതിനെ സിപിഐ മന്ത്രിമാർ എതിർത്തിരുന്നു. മന്ത്രിസഭായോഗത്തിൽ 2 തവണയും വിഷയത്തിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. പക്ഷെ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കുന്നതിലൂടെ ഉണ്ടായത്. ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. പിഎം ശ്രീ എന്ന ബ്രാൻഡിങിനെയല്ല, പദ്ധതിയുടെ ലക്ഷ്യത്തെയാണ് വിമർശിക്കുന്നത്.
വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണം, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതിയ തലമുറയെ വാർത്തെടുക്കൽ എന്നിവയാണ് പിഎം ശ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്‌ക്കുന്ന നടപടിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.