തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
പിഎം ശ്രീ വിഷയത്തിൽ സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.