• Tue. Nov 11th, 2025

24×7 Live News

Apdin News

പിഎം ശ്രീ; സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേന്ദ്രത്തെ അറിയിച്ചത് വാക്കാലെന്ന് മന്ത്രി

Byadmin

Nov 11, 2025



ന്യൂദല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വാക്കാല്‍ അറിയിച്ച് സംസ്ഥാനം. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിനു ലഭിക്കാനുള്ള സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) പദ്ധതി ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയാകില്ലെന്നായിരുന്നു ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച കൂടിക്കാഴ്ചയ്‌ക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാര്‍ നിലപാട് വാക്കാല്‍ അറിയിച്ചതായി ശിവന്‍കുട്ടി വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ച് രേഖാമൂലം അറിയിക്കും. സബ്കമ്മിറ്റി രൂപീകരിച്ചതായും കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കേന്ദ്ര മന്ത്രിയെ അറിയിച്ചതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി പറഞ്ഞു. 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ സമഗ്ര ശിക്ഷ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിഎം ജന്‍മന്‍ ഹോസ്റ്റലുകള്‍ക്കായുള്ള 6.198 കോടി രൂപയും ഡിഎ-ജെജിയുഎ ഹോസ്റ്റലുകള്‍ക്കായുള്ള 3.57 കോടി രൂപയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 2026 ജനുവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന കേരള എജ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2026ല്‍ മുഖ്യാതിഥിയാകാന്‍ കേന്ദ്ര മന്ത്രിയെ ക്ഷണിച്ചതായും മന്ത്രി തുടര്‍ന്നു. വന്ദേ ഭാരതില്‍ ദേശഭക്തി ഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. സിബിഎസ്ഇ സ്‌കൂള്‍ കുട്ടികളാണ് പാട്ടു പാടിയത്. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. എന്തു നടപടിയുണ്ടാകുമെന്നത് പരസ്യമായി പറയാനാകില്ല. അത് ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

 

 

By admin