
രണ്ടുവര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഭീകര പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ പ്രകാരം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് എന്ന ഇസ്ലാമിക ഭീകര സംഘടനയുടെ രാജ്യദ്രോഹ പ്രവര്‍ത്തനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് കഴിഞ്ഞ ദിവസം വെളിപ്പെട്ടത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന ആസൂത്രിതമായ പ്രചാരണവും പ്രവര്‍ത്തനവും പിഎഫ്ഐ നടത്തിയിരുന്നതിന്റെ വിവരങ്ങള്‍ ഈ സംഘടനയുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ഇതുവരെ വെളിപ്പെടാതിരുന്ന വിവരങ്ങളാണ് പുറത്തറിഞ്ഞിരിക്കുന്നത്.
ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ നമ്മുടെ സൈന്യത്തിന്റെ ശ്രദ്ധ ഉത്തര ഭാരതത്തിലായിരിക്കുമെന്നും, ആ തക്കം നോക്കി ആക്രമണത്തിലൂടെ ദക്ഷിണ ഭാരതം പിടിച്ചെടുക്കാന്‍ ഈ സംഘടന പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ആക്രമണം നടത്തുന്നതിനു വേണ്ടിയുള്ള സ്റ്റഡി ക്ലാസുകള്‍ പോലും ഈ സംഘടന നടത്തിയിരുന്നതായി സാക്ഷിമൊഴികള്‍ ഉണ്ടെന്ന് കോടതിയെ എന്‍ഐഎ ധരിപ്പിച്ചു. രാജ്യത്ത് ഇങ്ങനെയൊരു യുദ്ധം നടത്തുന്നതിനായി ഭാരതത്തോട് ശത്രുതയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനും ശ്രമിച്ചു.
ന്യൂനപക്ഷ സംക്ഷണത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെയും ദളിത് ഐക്യത്തിന്റെയുമൊക്കെ മുഖംമൂടികള്‍ ധരിച്ച് സാധാരണ മതവിശ്വാസികളെ സ്വാധീനിച്ചും ജനങ്ങളെ കബളിപ്പിച്ചും സമൂഹത്തെ ഇസ്ലാമികവത്കരിക്കാനുള്ള ശ്രമമാണ് പിഎഫ്ഐ നടത്തിയത്. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം സംഘടിപ്പിക്കുകയും, അതില്‍ വീഴുന്ന യുവാക്കളെ തീവ്രവാദികളാക്കി ആഗോള ഭീകര സംഘടനയായ ഐഎസ്ഐയില്‍ ചേരുന്നതിന് സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
മുഗളന്മാരുടെ ഭരണത്തിന്‍ കീഴില്‍ ഭാരതം ഇസ്ലാമിക രാജ്യമായിരുന്നുവെന്നും, അവരുടെ പതനത്തിനുശേഷം മുസ്ലിങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നെന്നും പ്രചരിപ്പിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാനും പിഎഫ്ഐ ശ്രമിച്ചു. ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി അവരെ കൊലപ്പെടുത്താന്‍ ഈ സംഘടന സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയിരുന്നതായും കോടതിയെ എന്‍ഐഎ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1300 ലേറെ പിഎഫ്ഐ തീവ്രവാദികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
ശരിഅത്തിന്റെ അടിസ്ഥാനത്തില്‍ ഖിലാഫത്ത് സ്ഥാപിച്ച് ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് പിഎഫ്ഐ പ്രവര്‍ത്തിച്ചിരുന്നത്. നിരോധനത്തെത്തുടര്‍ന്ന് ഈ സംഘടനയുമായി ബന്ധപ്പെട്ടവരില്‍ നിന്നും ഇവരുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത മറൈന്‍ റേഡിയോ സെറ്റുകള്‍, ബോംബുകള്‍, ബോംബു നിര്‍മാണ സാമഗ്രികള്‍, വിവിധ തരം ആയുധങ്ങള്‍ എന്നിവ ഈ സംഘടനയുടെ ഭീകര സ്വഭാവത്തിനും രാജ്യദ്രോഹ പ്രവര്‍ത്തനത്തിനും തെളിവാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിഎഫ്ഐ ശക്തിയാര്‍ജിക്കാന്‍ കാരണം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പോലെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളാണ്. മുസ്ലിം വോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ ഈ പാര്‍ട്ടികളും ഇവരുടെ മുന്നണികളും പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്‌ക്കുകയും, അവരുടെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്തു. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ഇടതു വലതു മുന്നണികള്‍ മാറിമാറി ഈ സംഘടനയെ ഒപ്പം നിര്‍ത്തി. ഇതിന് സൗകര്യപ്പെടുന്ന വിധത്തില്‍ എസ്ഡിപിഐ എന്ന പേരില്‍ ഒരു രാഷ്‌ട്രീയ സംഘടനയ്‌ക്കും പിഎഫ്ഐ രൂപം നല്‍കി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പിന്തുണയോടെ പല ഇടങ്ങളിലും ജനപ്രതിനിധികളായി പിഎഫ്ഐ ഭീകരര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോലുള്ള സംഘടനകളുടെ ആപല്‍ക്കരവും ദേശവിരുദ്ധവുമായ മുഖം തിരിച്ചറിയുന്നതിനൊപ്പം ഇവരുമായി സഖ്യമുണ്ടാക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ അപകടവും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദികളെപ്പോലെ അവരെ സഹായിക്കുന്നവരെയും അകറ്റിനിര്‍ത്തുകയും പരാജയപ്പെടുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്തം, മതസൗഹാര്‍ദ്ദവും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കുണ്ട്.