
കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഭീകരര്‍ക്കെതിരെ എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. കേസിലെ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎയുടെ നടപടി. പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഏജന്‍സി. ഇടുക്കി പോലീസാണ് ഫെയ്‌സ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത്.
ആലുവ പറവൂര്‍ മുപ്പത്തടം സ്വദേശിയായ അബ്ദുള്‍ വഹാബ് (38), പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുള്‍ റഷീദ് കെ. (35), എറണാകുളം എടവനക്കാട് സ്വദേശി അയൂബ് ടി.എ. (52) എന്നീ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കും. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍ (43) എന്ന ഭീകരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കും. എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസര്‍ അരാഫത്ത്, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി പി., എന്നിവരെ കണ്ടെത്താനും എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന വ്യക്തികളുടെ പേരും മറ്റ് അടയാളങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് എന്‍ഐഎ ഉറപ്പു നല്‍കിയിട്ടുണ്ട്. ഭയമില്ലാതെ ജനങ്ങള്‍ക്ക് വിവരം നല്‍കാനായി കൊച്ചി എന്‍ഐഎ ഓഫീസിന്റെ വിലാസവും ഫോണ്‍ നമ്പറുകളും ഏജന്‍സി പരസ്യപ്പെടുത്തി.