ആശ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് 100 രൂപ പോലും അധികം കൊടുക്കാനില്ലാത്തപ്പോഴാണ് വാര്‍ഷികാഘോഷ മാമാങ്കത്തിന് പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് പ്രതിഛായ മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഹോര്‍ഡിംഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പരസ്യബോര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എല്‍ഇഡി ഡിജിറ്റല്‍ വാള്‍, എല്‍ഇഡി ഡിജിറ്റല്‍ ബോര്‍ഡ്, വാഹന പ്രചരണം എന്നിവയ്ക്ക് 3.30 കോടി, കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിപ്പിക്കാന്‍ ഒരു കോടി, ഇത്തരത്തില്‍ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പുറത്ത് വന്നിട്ടില്ല. പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കലാ-സാസ്‌കാരിക പരിപാടികള്‍ക്ക് 2.10 കോടി, ജില്ലാതല യോഗങ്ങള്‍ക്ക് ജില്ലകള്‍ക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകള്‍ക്ക് ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. പരിപാടി കളറാക്കാന്‍ ഓരോ ജില്ലയ്ക്കും 3 കോടി വീതം അധികം നല്‍കും. ഈ വകയില്‍ മാത്രം 42 കോടിയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകും.