• Thu. Mar 6th, 2025

24×7 Live News

Apdin News

പിണറായി കണ്ണടച്ചാൽ വസ്തുത ഇരുട്ടിലാവില്ല

Byadmin

Mar 6, 2025


കോണ്‍ഗ്രസ് വിരുദ്ധതയേക്കാളുപരി സി.പി.എമ്മിന്റെ സംഘപരിവാര്‍ പ്രീണനം അരക്കിട്ടുറപ്പിക്കുകയാണ് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്ന ലേഖനം. ബി.ജെ.പിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലുള്ള ലേഖനം ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ പാര്‍ട്ടി നേതാവെന്നതിനപ്പുറം സംസ്ഥാന മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ജനാധിപത്യ കേരളത്തിനു തന്നെ നാണക്കേടായിമാറിയിരി ക്കുകയാണ്. ഡല്‍ഹിയിലും ഹരിയാനയിലും ബി.ജെ.പിയുടെ ജയം ഉറപ്പാക്കിയ കോണ്‍ഗ്രസിനെ യഥാര്‍ത്ഥ മത നിരപേക്ഷ കക്ഷികള്‍ക്കു വിശ്വസിക്കാനാകുമോയെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഭൂരിപക്ഷ വര്‍ഗീ യതയോടുള്ള എതിര്‍പ്പ് ദുര്‍ബലപ്പെടുത്തുന്നതാണ് കോണ്‍ഗ്രസിന്റെ നയം. തങ്ങള്‍ക്കാണ് ബി.ജെ.പിയെ തോല്‍പിക്കാന്‍ കെല്‍പുള്ളതെന്ന് മേലില്‍ പറയാതിരിക്കുകയെങ്കിലും വേണം. ഉത്തരേന്ത്യയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാന്‍ എസ്.പിക്കും ആര്‍.ജെ.ഡിക്കുമാണ് സാധിക്കുക. അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത് എന്നിങ്ങനെ തുടരുന്നു അദ്ദേഹത്തിന്റെ പതിവു സ്വതസിദ്ധമായ ശൈലിയിലുള്ള സാരോപദേശങ്ങള്‍.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും ഉപദേശങ്ങളുമെല്ലാം സ്വന്തം മനസാക്ഷിയോടുതന്നെയാണ് വേണ്ടതെന്ന് ലേഖനം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് വലിയ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മോദി സര്‍ക്കാറിനെ ഫാസിസ്റ്റെന്നോ നവ ഫാസിസ്റ്റെന്നോ നാം വിളിക്കുന്നില്ലെന്നാണ് കാരാട്ട് പ്രസ്താവിച്ചിരിക്കുന്നത്. സി.പി.എം അണികളെ മാത്രമല്ല, സി.പി.ഐ, സി.പി.ഐ (എം.എല്‍) തുടങ്ങിയ ഘടകകക്ഷികളെയും ഈ പ്രസ്താവന ഞെട്ടിച്ചരിക്കുകയാണ്. പ്രകാശ് കാരാട്ട് മുമ്പും ഈ പ്രസ്താവനയുമായി രം ഗത്തെത്തിയിരുന്നുവെങ്കിലും അന്നത്തെ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ബി.ജെ.പിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഈ ആശയ പോരാട്ടത്തില്‍ ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പം നിന്നപ്പോള്‍ പിണറായി വിജയന്റെ നേതൃ ത്വത്തിലുള്ള കേരള ഘടകം പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം രൂപപ്പെടണമെന്ന് യെച്ചൂരിയും ബംഗാള്‍ ഘടകവും നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി യുമില്ലാത്ത മൂന്നാം മുന്നണിയുണ്ടാക്കുന്നതിലായിരുന്നു കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും താല്‍പര്യം. സത്യത്തില്‍ യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൂന്നാം മുന്നണി നിലപാടിനു പിന്നില്‍ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നത് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്‍മെന്റിനെ എന്തുവിലകൊടുത്തും അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ ആശയപരമായ വിവിധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിട്ടുപോലും ജനാധിപത്യ ത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ ഇരുപത്തിനാല് പാര്‍ട്ടികളും ഒരുമിച്ച് നിന്നിട്ടും അതിനോട് മുഖം തിരിഞ്ഞുനില്‍ക്കാനായിരുന്നു കാരാട്ടും പിണറായിയുമെല്ലാം താല്‍പര്യപ്പെട്ടത്. ഗതികിട്ടാതെ വന്നപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ പുറമ്പോക്കില്‍ നിലയുറപ്പിക്കുകയാണ് ആ നിര്‍ണായക ഘട്ടത്തില്‍ സി.പി.എം ചെയ്തത്. ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചറിയുകയും അവരെ പിണ്ഡം വെച്ച് പടിയടക്കുകയും ചെയ്തപ്പോള്‍ പ്രത്യക്ഷമായിതന്നെ വര്‍ഗീയ ശക്തികളോട് ചേര്‍ന്നുനില്‍ക്കുകയാണ് ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക തുരുത്തായ കേരളത്തില്‍ സി.പി.എം ചെയ് തുകൊണ്ടിരിക്കുന്നത്. സ്‌കോളര്‍ഷിപ്പുകളിലുള്‍പ്പെടെ കടുംവെട്ടിന് ശ്രമിക്കുകയും ഒരേ തരത്തിലുള്ള കേസുകളില്‍ ന്യൂനപക്ഷങ്ങളുടെമേല്‍ കൈയ്യാമം വെക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ക്ക് പൂമാല ചാര്‍ത്തിക്കൊടുക്കുന്നതുമെല്ലാം രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഈ ഒ ത്തുകളിയുടെ ഭാഗമാണ്. സി.ജെ.പി എന്ന പുതിയ കൂട്ടു കെട്ട് ജനം തിരച്ചറിഞ്ഞ പശ്ചാത്തലത്തിലും തന്റെ അപ്രമാദിത്തത്തിനെതിരെ പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്നേക്കാവുന്ന വിമര്‍ശനങ്ങളെ മുന്‍കൂട്ടികണ്ടും പിണറായി വിജയന്‍ നടത്തിയ ഒരുമുഴം മുന്നേയുള്ള ഏറാണ് പ്രസ്തുത ലേഖനം. ഇരുട്ട്‌കൊണ്ട് ഓട്ടമറക്കാനുള്ള ഈ ശ്രമം തിരിച്ചറിയാതിരിക്കാന്‍ മാത്രം രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധത നഷ്ടപ്പെട്ടു പോയിട്ടില്ലെന്ന് ഇനിയെപ്പോഴാണ് അദ്ദേഹം തിരിച്ചറിയുക.

By admin