പന്തളം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. 2018ല്‍ അയ്യപ്പ ഭക്തരെ ക്രൂരമായി മര്‍ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പ ഭക്തര്‍ക്കെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കാതെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്. അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം സുപ്രീം കോടതിയില്‍ കൊടുത്ത സ്ത്രീപ്രവേശന സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയണമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത്. സനാതന ധര്‍മ്മത്തെ വൈറസ് എന്ന് ആക്ഷേപിച്ച ഡിഎംകെ തമിഴ്നാട്ടില്‍ ഇപ്പോള്‍ ആഗോള മുരുക സംഗമം സംഘടിപ്പിക്കുന്നു. അതു തന്നെയാണ് കേരളത്തില്‍ സിപിഎം നയിക്കുന്ന സര്‍ക്കാരും ചെയ്യുന്നത്. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമം. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം പോലും അപഹരിച്ചവരാണ് ദേവസ്വം ബോര്‍ഡിലുള്ളത്. കമ്മ്യൂണിസം പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭഗവത് ഗീതയിലെ ഒരു ശ്ലോകം വായിച്ചിരുന്നു. ഭഗവത് ഗീത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പിണറായി ശ്രമിക്കേണ്ട. ഗീതയിലെ തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ പിണറായി പഠിച്ചാല്‍ നന്നായിരിക്കും. കാമ-ക്രോധങ്ങള്‍ ആയുധമാക്കിയവന് നരകമായിരിക്കും അഭയമെന്ന് അപ്പോള്‍ മനസിലാകും, അണ്ണാമലൈ പറഞ്ഞു.
ചടങ്ങില്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം നാരായണ വര്‍മ്മ അധ്യക്ഷത വഹിച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ മുന്‍ മന്ത്രി ഡോ. ഋഷി സെന്തില്‍ രാജനെ കുമ്മനം രാജശേഖരന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, അശോകന്‍ കുളനട, ഹിന്ദു ഐക്യവേദി സംസ്ഥാനകാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി, എസ്.ജെ.ആര്‍. കുമാര്‍, സ്വാമി ശാന്താനന്ദ മഹര്‍ഷി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.