• Tue. Jan 13th, 2026

24×7 Live News

Apdin News

പിണറായി വിജയന്റെ നുണക്കൊട്ടാരം പൊളിക്കും; മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

Byadmin

Jan 13, 2026



തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ മുഖ്യമന്ത്രിയുടെ സമരം ജനശ്രദ്ധ തിരിക്കാനാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സര്‍ക്കാരിന്റെ ഭരണ നേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഎം സര്‍ക്കാരിന്റെ രാഷ്‌ട്രീയതന്ത്രവും ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടിയുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പണം തന്നില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി സമരം ചെയ്യുന്നത്. നുണക്കൊട്ടാരം കെട്ടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ഈ നുണക്കൊട്ടാരം ബിജെപി പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ 3.2 ലക്ഷം കോടി കേരളത്തിന് നല്‍കി
സിപിഎം പിന്തുണച്ച യുപിഎ സര്‍ക്കാരിന്റെ 2004 -2014 വരെയുള്ള കാലത്ത് കേരളത്തിന് 72,000 കോടിയാണ് നല്‍കിയത്. എന്നാല്‍, മോദി സര്‍ക്കാര്‍ 2014 മുതല്‍ 2025 വരെയുള്ള കാലത്ത് 3.2 ലക്ഷം കോടിയാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. യുപിഎ സര്‍ക്കാരിനെക്കാളും നാലര ഇരട്ടി തുകയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്തുകൊണ്ടാണ് പിണറായി വിജയന്‍ യുപിഎ സര്‍ക്കാരിനെതിരെ സമരം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ സര്‍ക്കാര്‍ രണ്ടാമത് ഭരണത്തിലേറുമ്പോള്‍ 2016 ല്‍ സംസ്ഥാനത്തിന്റെ കടം 1.4 ലക്ഷം കോടിയായിരുന്നു. ഇന്ന് പത്തുകൊല്ലം കഴിയുമ്പോള്‍ മൂന്നിരട്ടി വര്‍ദ്ധിച്ച് 5 ലക്ഷം കോടിയായി. കടം മൂന്നിരട്ടി. കേന്ദ്രസര്‍ക്കാര്‍ തന്നത് 3.5 ലക്ഷം കോടി, കടം വാങ്ങിയത് 4 ലക്ഷം.

തൊഴിലില്ലായ്‌മ 30 ശതമാനമായി ഉയര്‍ന്നു
കഴിഞ്ഞ പത്തുകൊല്ലം പിണറായി വിജയന്‍ സര്‍ക്കാരിന് കിട്ടിയ കാശ് 7 ലക്ഷം കോടിയാണ്. 10 കൊല്ലം 7 ലക്ഷം കോടി കിട്ടി. എന്നിട്ട് അതിന്റെ ഫലം എന്താണ്. 7 ലക്ഷം കോടി ചെലവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തന്ന ഫലമാണ് രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്‌മ. തൊഴിലില്ലായ്‌മ 30 ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റം 8.27 ശതമാനമായും വര്‍ദ്ധിച്ചു. സര്‍ക്കാരിന്റെ നേരിട്ടുള്ള വരുമാനം കൂട്ടിയിട്ടില്ല. അതുകൂടി ചേര്‍ത്താല്‍ 10 ലക്ഷം കോടിവരും. 10 ലക്ഷം കോടി ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. എന്നിട്ട് ഇപ്പോള്‍ കേന്ദ്രം പണം നല്‍കിയിട്ടില്ല എന്നുപറയുകയാണ്.

14,000 കോടിയുടെ കേന്ദ്ര പദ്ധതി നടപ്പാക്കുന്നില്ല
14,000 കോടിയുടെ കേന്ദ്ര പദ്ധതി നടപ്പാക്കാതെ സംസ്ഥാനം ചവിട്ടിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 54 ലക്ഷം വീടുകളില്‍ കുടിവെള്ളമില്ല. 6000 കോടി കോണ്‍ട്രാക്ടര്‍മാര്‍ക്ക്
കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. 45,000 പേര്‍ ഇന്നും കോളനികളില്‍ ജീവിക്കുന്നു. 5.5 ലക്ഷം പേര്‍ക്ക് വീടില്ല. ഇത്തരത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ നിരത്തി മുഖ്യമന്ത്രിയുടെ നുണക്കൊട്ടാരം പൊളിക്കുമെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിര്‍ത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. സപ്‌ളൈകോയുടെ ഓഡിറ്റ് അഞ്ചുവര്‍ഷമായി നടന്നിട്ടില്ല. കേന്ദ്രം നല്‍കുന്ന തുക എങ്ങനെ ചെലവാക്കി എന്നു പറയില്ല.

യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നില്ല
യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല. കേന്ദ്രത്തിന് ഒരു രീതിയുണ്ട് അത് പിന്തുടരാന്‍ സംസ്ഥാനം തയാറല്ല. കേന്ദ്രം നല്‍കുന്ന തുക വകമാറ്റി ചെലവാക്കുന്നതുകൊണ്ടാണ് സംസ്ഥാനം കൃത്യമായി യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നതാണ് സത്യം.

കേരളത്തെപ്പോലെ ഇങ്ങനെ കടമെടുക്കുന്ന ഒരു സംസ്ഥാനം ഭാരതത്തില്‍ വേറെയില്ല. ബജറ്റിന്റെ 92 ശതമാനവും നിത്യനിദാനചെലവുകള്‍ക്കും പലിശയ്‌ക്കുമാണ് വിനിയോഗിക്കുന്നത്. വികസനത്തിന് 8 ശതമാനം മാത്രമാണ് ലഭിക്കുന്നത്. കൂടുതല്‍ കടമെടുത്താല്‍ ഇത് ആര് ഏറ്റുവാങ്ങും. ഇത് വരുന്ന തലമുറയുടെ ചുമലിലല്ലേ വരുന്നത്. വീണ്ടും കടമെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് സര്‍ക്കാരിന്റെ കഴിവില്ലായ്‌മയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഹുലിന്റെ അറസ്റ്റ് വൈകിപ്പിച്ചത് ജനശ്രദ്ധ തിരിക്കാന്‍
നാലുമാസം മുമ്പ് അറസ്റ്റുചെയ്യപ്പെടേണ്ട രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് ഇത്രയും വൈകിപ്പിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയതന്ത്രമാണ്. ജനശ്രദ്ധതിരിക്കാനുള്ള ഉപാധിയായി സര്‍ക്കാര്‍ ഇതിനെ ഉപയോഗിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുകളയേണ്ട വ്യക്തിയായിരുന്നു. എന്നിട്ട് അവര്‍ ഒന്നും ചെയ്തില്ല. സിപിഎമ്മും കോണ്‍ഗ്രസും ഇത് ഉപയോഗിച്ച് ചില രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സാമാന്യ ബുദ്ധി ചോദ്യം ചെയ്യുന്ന രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

By admin