• Tue. Jan 6th, 2026

24×7 Live News

Apdin News

പിണറായി സര്‍ക്കാരിന്റെ അയോഗ്യതയാണിത്‌

Byadmin

Jan 5, 2026



തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വിധിച്ചതോടെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് അയോഗ്യത വന്നിരിക്കുന്നു. ഏതെങ്കിലും കേസില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിച്ചാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതവരും എന്നാണ് നിയമം. ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവാണ് ശിക്ഷ എന്നതിനാല്‍ എംഎല്‍എ സ്ഥാനം നഷ്ടമായിരിക്കുന്നു. വ്യാജരേഖ ചമയ്‌ക്കലിന് രണ്ട് വര്‍ഷവും, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷവുമാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വിധിപ്പകര്‍പ്പ് നിയമസഭയില്‍ എത്തുന്നതോടെയാണ് എംഎല്‍എ സ്ഥാനം നഷ്ടമാകുക. സംഭവം നടന്ന് 12 വര്‍ഷം കഴിഞ്ഞാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. ഇതിനുശേഷം 19 വര്‍ഷം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്.

അത്യപൂര്‍വ്വമായ കേസിലാണ് രണ്ടാം പ്രതിയും, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. മുപ്പത്തിനാല് വര്‍ഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസാണിത്. ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. അന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിനുവേണ്ടി വാദിച്ചത്. കോടതി ജീവനക്കാരനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി പ്രതിയുടെ അടിവസ്ത്രം കൈയ്‌ക്കലാക്കി, വെട്ടിച്ചെറുതാക്കുകയാണ് ചെയ്തത്. വഞ്ചിയൂര്‍ കോടതി പ്രതിയെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

ഇതേത്തുടര്‍ന്ന് ആസ്ട്രേലിയയിലേക്ക് പോയ പ്രതി അവിടെ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി. തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് സഹതടവുകാരനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. സഹ തടവുകാരന്‍ ഓസ്ട്രേലിയയിലെ പൊലീസിനോട് പറഞ്ഞ ഈ വിവരം ഇന്റര്‍പോള്‍ സിബിഐക്ക് കൈമാറി. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചതാണ് ആന്റണി രാജുവിന് കുരുക്കായത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസില്‍ വീണ്ടും അന്വേഷണം നടന്നു. തൊണ്ടിമുതലില്‍ പ്രതികള്‍ കൃത്രിമം നടത്തിയതായും തെളിഞ്ഞു.

ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കോടതി കടുത്ത പരാമര്‍ശമാണ് പ്രതികള്‍ക്കെതിരെ നടത്തിയിട്ടുള്ളത്. കുറ്റകൃത്യം നടത്തിയവര്‍ കോടതി ഉദ്യോഗസ്ഥനും അഭിഭാഷകനുമാണെന്നത് ഗൗരവമേറിയ കാര്യമാണെന്ന് കോടതി ഉത്തരവിലുണ്ട്. നീതി നിര്‍വഹണത്തിന്റെ അടിത്തറയെത്തന്നെ തകര്‍ക്കുന്ന നടപടിയാണ് ഇരുവരുടേതെന്നും കോടതി പറയുന്നു. നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവര്‍ ചെയ്ത കുറ്റം നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്നും കോടതി ഉത്തരവിലുണ്ട്.

കേസില്‍ ആന്റണി രാജുവിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും അയോഗ്യത ഇല്ലാതാകുന്നില്ല. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന് വാദിക്കുകയാണ് ആന്റണി രാജു ഇപ്പോഴും ചെയ്യുന്നത്. ഇടതുമുന്നണി ഘടക കക്ഷിയുടെ നേതാവ് എന്ന നിലയ്‌ക്കാണ് ആന്റണി രാജു മന്ത്രിയായത്. വിവാദമായ ഒരു കേസില്‍ പ്രതിയായിട്ടും ആന്റണിയെ പിണറായി സര്‍ക്കാര്‍ മന്ത്രിയാക്കുകയായിരുന്നു. മൂന്നുമാസം മാത്രമാണ് എംഎല്‍എ എന്ന നിലയ്‌ക്കുള്ള കാലാവധി ബാക്കിയുണ്ടായിരുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ ആന്റണി രാജുവിന് മത്സരിക്കാനാവില്ല. ഇത് വലിയ തിരിച്ചടിയാണ്. എംഎല്‍എ എന്ന നിലക്ക് ആന്റണി രാജുവിന് അയോഗ്യത വന്നതായി നിയമസഭാ സ്പീക്കര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ അധാര്‍മിക ഭരണം നടത്തുന്ന പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയമായി ഇനിയും ആന്റണി രാജുവിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്.

By admin