തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വത്ത് മോഷണം പോയോ എന്നതില്‍ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അന്നത്തെ ദേവസ്വം പ്രസിഡന്റും മറുപടി പറയണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒന്നും ഒളിക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ഒളിച്ചിരിക്കുന്നത് അവസാനിപ്പിക്കണം. ഭഗവാന്റെ സ്വത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ വ്രതമെടുത്ത് മല ചവിട്ടുന്ന താനടക്കമുള്ള ഭക്തര്‍ക്ക് അവകാശമുണ്ട്.
ആഗോള സംഗമം നടത്തിയാല്‍ പോര, സന്നിധാനത്തെ സ്വര്‍ണക്കൊള്ളയില്‍ കൃത്യമായ വിശദീകരണം വേണം. മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് ഇത്ര ആശങ്കയെന്തിനെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.മുരളീധരന്‍ ചോദിച്ചു.
ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രത്തിലും സമാനമായ സംഭവം ഉണ്ടായിട്ടില്ല. സന്നിധാനത്ത് സ്വര്‍ണക്കൊള്ള നടന്നിട്ട് മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്. 2019 ജൂലായ് 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ആഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. 40 ദിവസം ഇവ എവിടെയായിരുന്നു എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.
സന്നിധാനത്ത് നിന്ന് 2019 ജൂലായില്‍ പുറപ്പെടുമ്പോള്‍ പാളികളുടെ ഭാരം 25.4 കിലോയും പീഠത്തിന്റെ ഭാരം 17.400 കിലോയുമായിരുന്നു. ആകെ 42.8 കിലോ. ഓഗസ്റ്റ് 29ന് സ്മാര്‍ട് ക്രിയേഷന്‍സില്‍ തൂക്കുമ്പോള്‍ ഭാരം 38.258 കിലോ. സ്വര്‍ണം പൂശിയ ശേഷം 38.653 കിലോ. അതായത്, തൂക്കത്തില്‍ 4.147 കിലോ കുറഞ്ഞു. ഇതിലെല്ലാം വിശദീകരണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ എന്ത് മാനദണ്ഡത്തിലാണ് ഇക്കാര്യങ്ങള്‍ ഏല്‍പ്പിച്ചതെന്നതും മറുപടി വേണം. നിലവിലെ ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. മൂന്ന് മാസം കൂടുമ്പോള്‍ ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടോ, അത് പരിശോധിക്കുന്നുണ്ടോ എന്നതിലും ഹിന്ദുക്ഷേത്രങ്ങള്‍ ഭംഗിയായി പരിപാലിക്കുന്നുവെന്ന് മേനി പറയുന്ന പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.