• Wed. Mar 12th, 2025

24×7 Live News

Apdin News

പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; ചുരത്തില്‍ ലോറി കേടായി എട്ടുപേര്‍ പോലീസ് പിടിയില്‍

Byadmin

Mar 12, 2025


ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ എട്ടുപേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ ശ്രീഹരി (25), എടക്കാട്ടുവയല്‍ മനേപറമ്പില്‍ എം.ആര്‍. അനൂപ് (31), തിരുവാണിയൂര്‍ ആനിക്കുടിയില്‍ വീട്ടില്‍ എല്‍ദോ വില്‍സണ്‍ (27), പെരീക്കാട് വലിയവീട്ടില്‍ വി.ജെ. വിന്‍സെന്റ് (54), തിരുവാണീയൂര്‍ പൂപ്പള്ളി വീട്ടില്‍ പി.ജെ. ജോസഫ്, ചോറ്റാനിക്കര മൊതാലിന്‍ വീട്ടില്‍ സനല്‍ സത്യന്‍ (27), കൊല്ലം കുണ്ടറ രശ്മി നിവാസില്‍ രാഹുല്‍ (26), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുട്ടന്‍താഴത്ത് എസ്. ശ്രീക്കുട്ടന്‍ (28) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും കഴിഞ്ഞ ഏഴിനു രാത്രി ഹൈദരാബാദിലേക്കുള്ള ലോഡുമായി ലോറിയില്‍ പോകുമ്പോഴാണ് കേസിനാസ്പദമായ സംഭവം. ട്രാവലറില്‍ പിന്തുടര്‍ന്ന യുവാക്കള്‍ കുപ്പാടി നിരപ്പത്ത് ബ്ലോക്കുചെയ്തുനിര്‍ത്തി ഇവരെ ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുരത്തില്‍വച്ച് ലോറി തകരാറിലായതിനെത്തുടര്‍ന്ന് യുവാക്കള്‍ വെള്ളം കുടിക്കാന്‍ പോയി.

ഈ തക്കത്തിന് മകന്‍ പെട്ടിക്കടയില്‍ സഹായമഭ്യര്‍ഥിക്കുകയും അവര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ശ്രീഹരി, അനൂപ്, രാഹുല്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ താമരശേരി പോലീസ് താമരശേരി ടൗണില്‍നിന്ന് ലോറിയുമായി പിടികൂടി. വിന്‍സന്റ്, ജോസഫ്, ശ്രീക്കുട്ടന്‍, സനല്‍ സത്യന്‍ എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തറ പോലീസ് തൃപ്പുണിത്തറയില്‍നിന്നും പിടികൂടി. പിതാവും ലോറിയുടെ ഷെയറുകാരനും തമ്മിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നു പരാതിയില്‍ പറയുന്നു. കേസില്‍ മുഴുവന്‍ പ്രതികളേയും റിമാന്‍ഡ് ചെയ്തു.

By admin