
ലഖ്നൗ: അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ സൃഷ്ടിച്ച സദ്ഭരണ മാതൃക പിന്തുടരുകയാണ് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി – എന്‍ഡിഎ സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിനു സമര്‍പ്പിച്ച ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന സദ്ഭരണ മാതൃക തുടരുകയും വികസിപ്പിക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഗ്രാമീണ റോഡുകളുടെ വികസനമുള്‍പ്പെടെ ഭാരതം കണ്ട സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിട്ടത് അടല്‍ജിയുടെ കാലത്താണ്. ഡിജിറ്റല്‍ ഭാരതത്തിന് അടിത്തറ പാകിയത് അടല്‍ജി സര്‍ക്കാരായിരുന്നു. ടെലികോം രംഗത്തെ വിപ്ലവത്തിനും ദല്‍ഹി മെട്രോയ്‌ക്ക് തുടക്കമിട്ടതും അടല്‍ജി സര്‍ക്കാരായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന് ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും സേവനത്തിന്റെയും പാത കാണിച്ചുതന്ന ദര്‍ശനത്തെ പ്രതീകപ്പെടുത്തുന്ന സ്ഥലമാണ് രാഷ്‌ട്രപ്രേരണ സ്ഥല്‍ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ഓരോ ചുവടും ഓരോ ശ്രമവും രാഷ്‌ട്രനിര്‍മാണത്തിനായി സമര്‍പ്പിക്കണം. കൂട്ടായ പരിശ്രമം മാത്രമേ വികസിത ഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിദഗ്ധരെയും തൊഴിലാളികളെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മന്ത്രിസഭയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജീവിതമാകെ സദ്ഭരണത്തിനും രാഷ്‌ട്രനിര്‍മാണത്തിനുമായി സമര്‍പ്പിച്ച വ്യക്തിയാണ് അടല്‍ ബിഹാരി വാജ്പേയി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ഒരു വാഗ്മി എന്ന നിലയില്‍ മാത്രമല്ല, ആവേശമുണര്‍ത്തുന്ന കവി എന്ന നിലയിലും അദ്ദേഹത്തെ എക്കാലവും ഓര്‍ക്കും. വാജ്പേയിയുടെ വ്യക്തിത്വവും രചനകളും നേതൃത്വവും രാജ്യത്തിന്റെ സമഗ്ര വികസനത്തിന് വഴികാട്ടിയാവുമെന്നും പ്രധാനമന്ത്രി എക്സിലെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.