
തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
ചലച്ചിത്ര പ്രവര്‍ത്തകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കും. പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. പി. ടി. കുഞ്ഞുമഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും വാദിച്ചു. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ കേസാണിതെന്നും കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഇതിനിടെ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന അതിക്രമത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന മെല്ലെപ്പോക്ക് അക്രമിയെ സഹായിക്കാനാണെന്ന് ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.