
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമിയുടെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണന് രാഷ്‌ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നതിലൂടെ ധന്യമാകുന്നത് ജന്മഭൂമികൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി(1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ നാള്‍ പ്രസിദ്ധീകരിച്ച സംഘപഥത്തിലൂടെ (ജന്മഭൂമി വാരാദ്യം 1999-2025) എന്ന ലേഖന പരമ്പരയുടെ രചയിതാവാണ്. പത്തോളം പുസ്തകങ്ങളുടെ രചനയും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും നിര്‍വഹിച്ചു.
”രാവിലെ പതിനൊന്നര മണിക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ ഫോണ്‍ വിളി വളരെ അവിചാരിതമായാണ് വന്നത്. പത്മ പുരസ്‌കാരം നല്‍കാന്‍ രാഷ്‌ട്രം തീരുമാനിച്ച വിവരം അറിയിച്ചപ്പോള്‍ വിവിധ വികാരങ്ങളാണ് മനസിലേക്കെത്തിയത്. 90 വയസ്സെത്തി നില്‍ക്കുന്ന വേളയില്‍ ലഭിക്കുന്ന ഈ ബഹുമതി അത്യന്തം വിനയത്തോടെ സ്വീകരിക്കുന്നു. രാഷ്‌ട്രത്തിനായി സമര്‍പ്പിച്ച ജീവിതം കൂടുതല്‍ ധന്യപൂര്‍ണമായതായി കരുതുന്നു. നിസ്വാര്‍ഥമായി അഹോരാത്രം രാഷ്‌ട്രപുനര്‍നിര്‍മാണത്തിനായി പ്രയ്തനിക്കുന്ന ലക്ഷോപലക്ഷം സംഘ സ്വയംസേവകര്‍ക്കും, ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തിച്ച ജന്മഭൂമി ദിനപ്പത്രത്തിനും ഈ പുരസ്‌കാരം സമര്‍പ്പിക്കുകയാണ്:” പി നാരായണന്‍ പറഞ്ഞു.
എറണാകുളം മുളവുകാട് മഠത്തില്‍ കുടുംബാംഗമായ എം.എ. രാജേശ്വരിയാണ് ഭാര്യ.
മക്കള്‍: മനു നാരായണന്‍(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- നാഷ് വില്‍, യുഎസ്എ), അനു നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍- ഇന്ത്യ കോണ്‍ട്രിബ്യൂട്ടര്‍ എസ് ബി എസ് റേഡിയോ), നീനു കുര്യന്‍, പ്രീനാലക്ഷ്മി പി.കെ. (അഡ്മിനിസ്‌ട്രേറ്റര്‍, മടുക്കക്കുഴി ലേക് സൈഡ് ആയുര്‍വേദ, കുടയത്തൂര്‍) എന്നിവര്‍ മരുമക്കളാണ്. ആമി, അമേയ (അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍), ഈശ്വരി(എട്ടാം ക്ലാസ് വിദ്യാര്‍ഥി, സരസ്വതി വിദ്യാഭവന്‍, തൊടുപുഴ) എന്നിവര്‍ പേരക്കുട്ടികളും.
സംഘ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇടയില്‍ നാരായണ്‍ജി എന്ന പേരില്‍ സുപരിചിതനായ പി.നാരായണന്‍, 1936 മെയ് 28-ന് അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തെ (പിന്നീട് കേരളം) തൊടുപുഴ താലൂക്കിലെ മണക്കാട് ഗ്രാമത്തില്‍ ജനിച്ചു. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. പത്മനാഭന്‍ നായരുടെയും സി.കെ. ദേവകി അമ്മയുടെയും മകനായ അദ്ദേഹം തൊടുപുഴ ഗവ. ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനായി 1951-ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു.
കോളജ് പഠനകാലത്ത് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹം ആര്‍എസ്എസില്‍ ആകൃഷ്ടനാകുന്നത്. സെക്രട്ടേറിയറ്റിന് സമീപമുള്ള പുത്തന്‍ചന്ത ശാഖയില്‍ ചേര്‍ന്നു. ദേശീയതയിലൂന്നിയ ആശയങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ഗോവ വിമോചന സമരത്തിന്റെ കാലമായിരുന്നു അത്. വീട്ടിലറിയിക്കാതെ സമരത്തില്‍ പങ്കുചേരാന്‍ പുറപ്പെട്ടു. ട്രെയിന്‍ മാര്‍ഗ്ഗം വടക്കോട്ട് യാത്ര ചെയ്‌തെങ്കിലും തലശ്ശേരിയില്‍ വെച്ച് ബന്ധുക്കള്‍ അദ്ദേഹത്തെ കണ്ടെത്തി നിര്‍ബന്ധിച്ച് തിരികെ കൊണ്ടുവന്നു.
ഇന്റര്‍മീഡിയറ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബി.എസ്.സി ഫിസിക്സ് പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ അദ്ദേഹം സംഘപ്രവര്‍ത്തനങ്ങളില്‍ സജീവമായി. പ്രചാരകനാകാനും തീരുമാനിച്ചു. 1957-ല്‍ ബിരുദം നേടിയ ശേഷം കുറച്ചുകാലം സ്വന്തം നാടായ മണക്കാട്ടെ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും, പിന്നീട് ആര്‍.എസ്.എസ് പ്രചാരകനായി ഗുരുവായൂരിലേക്ക് പോയി. ഗുരുവായൂരിന് പുറമെ കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ പത്തു വര്‍ഷത്തോളം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചു. കണ്ണൂരിലെ പ്രവര്‍ത്തനകാലത്ത് കാഞ്ഞങ്ങാട് മുതല്‍ വടകര വരെയുള്ള (ഇന്നത്തെ മൂന്ന് റവന്യൂ ജില്ലകള്‍) മേഖലയുടെ ചുമതല അദ്ദേഹത്തിനായിരുന്നു.
രാഷ്‌ട്രീയ രംഗത്തേക്ക്
ആര്‍.എസ്.എസിന്റെ രാഷ്‌ട്രീയ രൂപമായ ജനസംഘം രാജ്യവ്യാപകമായി വളരുന്ന കാലമായിരുന്നു അത്. 1967-ല്‍ കോഴിക്കോട് വെച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പ്രചാരകരില്‍ ഒരാളായിരുന്നു പി. നാരായണന്‍. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകള്‍ ഉള്‍പ്പെട്ട വടക്കന്‍ കേരള മേഖലയുടെ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റു. പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത, അക്കാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ സമ്മേളനമായി ജനസംഘം യോഗത്തെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ദേശീയ സമ്മേളനത്തിന്റെ വിജയം കേരളത്തില്‍ ജനസംഘത്തിന് വലിയ കരുത്തായി. പി. പരമേശ്വരന്‍ ജനസംഘം ദേശീയ വൈസ് പ്രസിഡന്റായി ദല്‍ഹിയിലേക്ക് മാറിയപ്പോള്‍, പി. നാരായണന്‍ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയമിതനായി.
പത്രപ്രവര്‍ത്തനവും ജന്മഭൂമിയും
1975-ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിലാണ് മലയാളത്തില്‍ ഒരു ദിനപത്രം തുടങ്ങാന്‍ തീരുമാനമുണ്ടായത്. അങ്ങനെ ‘ജന്മഭൂമി’ ഒരു സായാഹ്ന പത്രമായി ആരംഭിച്ചു. 1959 മുതല്‍ സംഘത്തിന്റെ ഇംഗ്ലീഷ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ വാരികയില്‍ ലേഖകനായിരുന്ന നാരായണ്‍ജിക്ക് ജന്മഭൂമിയുടെ മാനേജര്‍ ചുമതല കൂടി നല്‍കി. എന്നാല്‍ 1975 ജൂണ്‍ 24-ന് രാജ്യം അടിയന്തരാവസ്ഥയുടെ കരിനിഴലിലായി. ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ നിരോധിക്കപ്പെട്ടു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനസംഘര്‍ഷ സമിതിയുടെ ഭാഗമായി അദ്ദേഹം ജനാധിപത്യത്തിനായി പോരാടി.
അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് വെച്ച് ഡിഐആര്‍ നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മൂന്നു മാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. തുടര്‍ന്ന് അടിയന്തരാവസ്ഥ കഴിയുന്നതുവരെ ഒളിവില്‍ താമസിച്ച് സി.പി.ഐ(എം), സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ സമാന ചിന്താഗതിയുള്ള നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍, നാരായണ്‍ജി രാഷ്‌ട്രീയത്തില്‍ നിന്ന് മാറി ജന്മഭൂമി പത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. കൊച്ചിയില്‍ നിന്ന് പ്രഭാതപത്രമായി പുനരാരംഭിച്ച ജന്മഭൂമിയുടെ പത്രാധിപരായി.
വി.എം. കൊറാത്ത് വിരമിച്ചപ്പോള്‍ 1992 മുതല്‍ 2000 വരെ അദ്ദേഹം മുഖ്യപത്രാധിപരായി സേവനമനുഷ്ഠിച്ചു. പിന്നീട് ബി.ജെ.പി നേതൃത്വത്തിലേക്കോ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായോ ചുമതലയേറ്റെടുക്കാന്‍ സംഘം ആവശ്യപ്പെട്ടെങ്കിലും സജീവ രാഷ്‌ട്രീയത്തിലേക്ക് മടങ്ങാതെ അദ്ദേഹം സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കണ്‍വീനറെന്ന ചുമതലയാണ് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2003-ല്‍ കൊച്ചിയില്‍ അന്താരാഷ്‌ട്ര നാളികേര സമ്മേളനം സംഘടിപ്പിച്ചു. നിലവില്‍ ആരോഗ്യ കാരണങ്ങളാല്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ആര്‍.എസ്.എസ് പ്രാന്ത കാര്യകാരി സദസ്യനായി തുടരുന്നു.
പ്രധാന സംഭാവനകള്‍
ജന്മഭൂമിയുടെ തുടക്കം മുതല്‍ അതിന്റെ വളര്‍ച്ചയില്‍ നാരായണ്‍ജി വഹിച്ച പങ്ക് വളരെ വലുതാണ്. മാനേജര്‍, സ്‌പെഷ്യല്‍ കറസ്പോണ്ടന്റ്, എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘപഥത്തിലൂടെ: കേരളത്തിലെ ഒരു ദിനപത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച വാരാദ്യ കോളമാണ് നാരായണ്‍ജിയുടെ ‘സംഘപഥത്തിലൂടെ’ എന്നത്. 1999-ല്‍ ആരംഭിച്ച ഈ കോളത്തില്‍ 1200 ലധികം ലേഖനങ്ങള്‍ അദ്ദേഹം എഴുതി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച സാധാരണക്കാരായ സംഘപ്രവര്‍ത്തകരുടെ ജീവിതവും പോരാട്ടങ്ങളും അദ്ദേഹം ഇതിലൂടെ പുറംലോകത്തെ അറിയിച്ചു.
പുരസ്‌കാരങ്ങള്‍: പത്രപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിദ്യാനിവാസ് മിശ്ര ദേശീയ പുരസ്‌കാരം (2016), ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ണ്ടദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം (2024) എന്നിവയ്‌ക്കര്‍ഹനായി. കൂടാതെ കേരളത്തിലെ നിരവധി പത്രപ്രവര്‍ത്തന അവാര്‍ഡുകളും തേടിയെത്തി.
രാഷ്‌ട്രീയവും വ്യക്തിബന്ധങ്ങളും പാര്‍ട്ടി രാഷ്‌ട്രീയത്തിന് അതീതമായി സുഹൃത്തുക്കളെ സമ്പാദിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സി.പി.ഐ(എം) സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, മുന്‍ എംപിയും സിപിഐ(എം) നേതാവുമായിരുന്ന പാട്യം ഗോപാലന്‍ തുടങ്ങിയവരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. 1993-ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ആ പദവി നിരസിച്ചു.
ലളിതമായ വാക്കുകളിലൂടെ അജ്ഞാതരായ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ജീവിതം പുറംലോകത്തെ അറിയിച്ച എഴുത്തുകാരനായും, ദേശീയ ചിന്താധാരകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വിവര്‍ത്തകനായും, ‘ജന്മഭൂമി’ പത്രത്തിന്റെ തന്നെ പര്യായമായും നാരായണ്‍ജി അറിയപ്പെടുന്നു.
കൃതികള്‍, പുസ്തകങ്ങള്‍:
സംഘപഥത്തിലൂടെ (തിരഞ്ഞെടുത്ത ലേഖനങ്ങള്‍)
ദേശീയ രാഷ്‌ട്രീയം കേരളത്തില്‍ (രണ്ട് ഭാഗങ്ങള്‍ – കേരളത്തിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ചരിത്രം)
കമ്മ്യൂണിസത്തിന്റെ കര്‍ച്ച (ഇത് പിന്നീട് കന്നഡയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു)
കെ. കേളപ്പന്‍, പി. മാധവന്‍ എന്നിവരുടെ ജീവിതരേഖകള്‍.
വിവര്‍ത്തനങ്ങള്‍ (ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക്):
എ മിഷന്‍ ഇന്‍ ആക്ഷന്‍, ദി ട്രാജിക് സ്റ്റോറി
പാര്‍ട്ടീഷന്‍(എച്ച്. വി. ശേഷാദ്രി)
ആംഡ് സ്ട്രഗിള്‍ ഫോര്‍ ഫ്രീഡം, സിക്‌സ് ഗോള്‍ഡന്‍ എപ്പോക്‌സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി
(വി. ഡി. സവര്‍ക്കര്‍)
മൈ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫോര്‍ ലൈഫ് (വി. ഡി. സവര്‍ക്കര്‍)
സാഗ ഓഫ് വിവേകാനന്ദ റോക്ക്, സേവ എ തപസ്യ (ഏകനാഥ് റാനഡെ)
തിരഞ്ഞെടുത്ത കൃതികള്‍ (പി. ബി. ഠേംഗ്ഡി)
വിവര്‍ത്തനങ്ങള്‍ (ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക്):
ഡോ. ഹെഡ്ഗേവാര്‍ (നാനാ പാല്‍ക്കര്‍)
ഏകാത്മ മാനവദര്‍ശനം (പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ)
ഗുരുജി (സി. പി. ഭീഷികര്‍)
ഗുരുജി: ലഘു ജീവചരിത്രം (സഹസ്ര ബുദ്ധെ)
ഗുരുജി സാഹിത്യ സര്‍വ്വസ്വം
(പി. നാരായണന്റെ മകനും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍)