
തലശേരി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഭാഗികമായി അനുവദിച്ച് കോടതി. തലശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജിയിലാണ് വിധി. പി പി ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മെയ് മുപ്പതിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണം.
നിലവിലെ അന്വേഷണ സംഘത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ തീരുമാനം, കേസിൽ നീതി തേടുന്ന കുടുംബത്തിന് വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പലതവണ വിധി പറയാൻ മാറ്റിവച്ച കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ സ്വർണ്ണം പണയം വെച്ചു എന്ന് പറയുന്നതിൽ വ്യക്തത വരുത്തണം. ഈ സ്വർണ്ണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു.
കൂടാതെ, പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പല ഫോൺ രേഖകളുടെയും പൂർണ്ണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നു. പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.
2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.