• Sat. Oct 26th, 2024

24×7 Live News

Apdin News

പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട; സംരക്ഷണവുമായി സിപിഎം, തുടർ നടപടികൾ നിയമപരമായ നടപടികൾക്ക് ശേഷം

Byadmin

Oct 26, 2024


തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിധി വന്നതിന് ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്ന് യോഗം തീരുമാനിച്ചു.

ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയത് സംഘടന നടപടിയുടെ ഭാഗമാണ്. ഇനിയുള്ള കാര്യങ്ങൾ നിയമപരമായ നടപടികൾക്ക് ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചർച്ച നടന്നത്.

ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29-നാണ് വിധി പറയുന്നത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, കൂറുമാറ്റത്തിന് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായില്ല.



By admin