മലപ്പുറം: നിലമ്പൂരിൽ പി വി അൻവർ മത്സരരംഗത്തു നിന്നും പിന്മാറി തങ്ങളെ പിന്തുണയ്‌ക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. നിലമ്പൂരിൽ എസ്ഡിപിഐ മത്സരിക്കുകതന്നെ ചെയ്യുമെന്നും അൻവർ മത്സരത്തിൽ നിന്നും പിന്മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. പി വി അൻവർ ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ലത്തീഫ് പറഞ്ഞു.
അതേസമയം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന പാർട്ടിയായതിനാലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക.